ശിശുമലയിലേക്ക് നടന്ന കുരിശിന്റെ വഴിയിൽ ആയിരങ്ങൾ മലകയറി
1542049
Saturday, April 12, 2025 6:01 AM IST
പുൽപ്പള്ളി: വലിയ നോന്പിന്റെ പ്രധാന ദിനങ്ങളിലൊന്നായ നാല്പതാം വെള്ളിയോട് അനുബന്ധിച്ച് മുള്ളൻകൊല്ലി ഫോറോനയുടെ നേതൃത്വത്തിൽ 12 ഇടവകളുടെ പങ്കാളിത്തത്തോടെ ശിശുമല തീർത്ഥാടന കേന്ദ്രത്തിലേക്ക് കുരിശിന്റെ വഴി നടത്തി.
രാവിലെ മുള്ളൻകൊല്ലി സെന്റ് മേരീസ് ഫോറോന ദേവാലയത്തിൽ നിന്ന് ആരംഭിച്ച കുരിശിന്റെ വഴിയിൽ വൈദികരോടൊപ്പം ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേർന്നു. യേശുദേവന്റെ പീഡാനുഭവങ്ങളെ സ്മരിച്ച് മരക്കുരിശുകൾ കൈകളിലേന്തിയായിരുന്നു പാപപരിഹാരത്തിനായി കുരിശിന്റെ വഴിയിൽ വിശ്വാസികൾ പങ്കുചേർന്നത്.
തുടർന്ന് മലമുകളിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജസ്റ്റിൻ മുന്നനാൽ മുഖ്യ കാർമികത്വം വഹിച്ചു. അന്പലവയൽ സെന്റ് മാർട്ടിൻസ് പള്ളി വികാരി ഫാ. ചാക്കോ മേപ്പുറത്ത് വചന സന്ദേശം നൽകി.ഫാ. ബിജു മാവറ, ഫാ. ജയിംസ് പുത്തൻപറന്പിൽ,
ഫാ. മാത്യു പെരുമാട്ടിക്കുന്നേൽ, ഫാ. മാത്യു കറുത്തേടത്ത്, ഫാ. പ്രതീഷ് കിഴക്കൻപുതുപ്പള്ളി, ഫാ. സോമി വടയാപറന്പിൽ, ഫാ. ജോണി കല്ലുപുര, ഫാ. ജയിംസ് ചന്പക്കര, ഫാ. എബിൻ കെട്ടുപുരക്കൽ നേതൃത്വം നൽകി. തുടർന്ന് തിരുക്കച്ച വണക്കവും നേർച്ച ഭക്ഷണവും ഉണ്ടായിരുന്നു.