ഗോകുലിന്റെ മരണം: മാർച്ചും ധർണയും നടത്തി
1541742
Friday, April 11, 2025 6:05 AM IST
കൽപ്പറ്റ: ആദിവാസികൾക്കെതിരായ അതിക്രമ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി.
അന്പലവയൽ നെല്ലാറച്ചാൽ പുതിയാപാടി ഉന്നതിയിലെ 17കാരൻ ഗോകുലിനെ ഏപ്രിൽ ഒന്നിനു രാവിലെ കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം സിബിഐ അന്വേഷിക്കുക,
കസ്റ്റഡി മരണത്തിന് ഉത്തരവാദികളെ നിയമത്തിനു മുന്പിൽ നിർത്തുക, ഗോകുലിന്റെ കുടുംബത്തിന് അടിയന്തര സഹായധനമായി 10 ലക്ഷം രൂപ നൽകുക, പോക്സോ നിയമത്തിന്റെ മറവിൽ ആദിവാസികളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
മനുഷ്യാവകാശ പ്രവർത്തകൻ കെ.കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമിതി ചെയർപേഴ്സണ്‍ അമ്മിണി കെ. വയനാട് അധ്യക്ഷത വഹിച്ചു.
കണ്‍വീനർ സി. മണിക്കുട്ടൻ, ഡോ.പി.ജി. ഹരി, സാം പി. മാത്യു, എ.എൻ. സലിംകുമാർ, ബിന്ദു മൈലാച്ചേരി, ഓമന ചുള്ളിയോട്, സി.എസ്. മുരളി, സി.എച്ച്. ലത്തീഫ്, മുജീബ് റഹ്മാൻ അഞ്ചുകുന്ന് എന്നിവർ പ്രസംഗിച്ചു.