ബത്തേരിയിൽ കുരിശിന്റെ വഴി ഇന്ന്
1541741
Friday, April 11, 2025 6:05 AM IST
സുൽത്താൻ ബത്തേരി: കോഴിക്കോട്, മാനന്തവാടി, സുൽത്താൻ ബത്തേരി രൂപതകളുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം നാലിന് കുരിശിന്റെ വഴി ബത്തേരി സെന്റ് തോമസ് ദേവാലയത്തിൽ ആരംഭിക്കുമെന്ന് സംയുക്ത കത്തോലിക്കസഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യേശുവിനെ കുരിശിൽ തറച്ച അതേ കുരിശിന്റെ അംശം തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന പൂമല ഹോളിക്രോസ് ലത്തീൻ ദേവാലയത്തിൽ സമാപിക്കും.
യേശുക്രിസ്തു ജെറുസലെമിലെ കാൽവരിക്കുന്നിലേയ്ക്ക് കുരിശ് വഹിച്ച് നടത്തിയ പീഢാസഹന യാത്രയെ അനുസ്മരിപ്പിച്ച് നടത്തുന്ന കുരിശിന്റെ വഴി സുൽത്താൻ ബത്തേരി പട്ടണത്തിലൂടെയാണ് പൂമല ഹോളിക്രോസിൽ എത്തിച്ചേരുക. തുടർന്ന് കുരിശിന്റെ തിരുശേഷിപ്പ് വണക്കവും ഉണ്ടായിരിക്കും. ബത്തേരി ബിഷപ് ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.
സെന്റ് തോമസ് കത്തീഡ്രൽ വികാരി സെബാസ്റ്റ്യൻ കീപ്പള്ളിൽ സ്വാഗതവും അസംപ്ഷൻ ഫെറോന പള്ളി വികാരി ഫാ. തോമസ് മണക്കുന്നേൽ നന്ദിയും പറയും. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും നേർച്ച ഭക്ഷണവും വിതരണം ചെയ്യും.
വാർത്താസമ്മേളനത്തിൽ ജനറൽ കണ്‍വീനർ സെബാസ്റ്റ്യൻ കീപ്പള്ളി, കണ്‍വീനർമാരായ ഫാ. തോമസ് മണക്കുന്നേൽ, ഫാ. പോൾ ആൻഡ്രൂസ്, പ്രോഗ്രാം കോഓർഡിനേറ്റർ ഫാ. ജേക്കബ് ഓവക്കൽ, പബ്ലിസിറ്റി കണ്‍വീനർ ഫാ. ജോർജ് കോടാനൂർ, കമ്മിറ്റി അംഗങ്ങളായ മെജോ കുരുത്തോലയിൽ, സിബിച്ചൻ കരിക്കേടം, റോയ് വർഗീസ്, വിൽസന്റ് വട്ടപ്പറന്പിൽ, വി.പി. തോമസ് എന്നിവർ പങ്കെടുത്തു.