എൽസ്റ്റൻ എസ്റ്റേറ്റിൽ തൊഴിലാളികൾ പന്തൽ കെട്ടി അനിശ്ചിതകാല സമരം തുടങ്ങി
1542673
Monday, April 14, 2025 5:05 AM IST
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിതരുടെ പുനരധിവാസത്തിന് സർക്കാർ ഏറ്റെടുത്ത എൽസ്റ്റൻ എസ്റ്റേറ്റിലെ പുൽപ്പാറ ഡിവിഷനിൽ തൊഴിലാളികൾ പന്തൽ കെട്ടി അനിശ്ചിതകാല സമരം തുടങ്ങി. ടൗണ്ഷിപ് നിർമാണത്തിന് പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയാണ് ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേൃതൃത്വത്തിൽ സമരം. എസ്റ്റേറ്റ് മാനേജ്മെന്റ് നൽകാനുള്ള ആനുകൂല്യങ്ങൾ കുടിശിക സഹിതം ലഭ്യമാക്കണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം.
2005ലെ ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുത്ത ഭൂമി ടൗണ്ഷിപ് നിർമാണത്തിന് സജ്ജമാക്കുന്നതിന്റെ ഭാഗമായി തേയിലച്ചെടികളും ചെറുമരങ്ങളും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പിഴുതുമാറ്റുന്ന ജോലിയാണ് നടന്നുവരുന്നത്. ഇന്നലെ അനിശ്ചിതകാല സമരം ആരംഭിച്ച തൊഴിലാളികൾ തോട്ടത്തിൽ ടൗണ്ഷിപിനു നടത്തുന്ന പ്രവൃത്തികൾ തടസപ്പടുത്തിയില്ല. ആനുകൂല്യങ്ങളുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം അടിയന്തരമായി ഉണ്ടാകുന്നില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി ഭാരവാഹികൾ പറഞ്ഞു.
പുനരധിവാസത്തിന് എൽസ്റ്റൻ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പടുവിച്ചിരുന്നു. നേരത്തേ തീരുമാനിച്ച 26 കോടി രൂപയ്ക്കു പുറമേ 17 കോടി രൂപ കൂടി നഷ്ടപരിഹാരമായി തോട്ടം മാനേജ്മെന്റിന് നൽകണമെന്നും കോടതി ഉത്തരവായി. ഈ തുക വെള്ളിയാഴ്ചതന്നെ കോടതിയിൽ സർക്കാർ കെട്ടിവച്ചു.
ഇതിനു പിന്നാലെ ഭൂമി ഏറ്റെടുത്തതായും അത്രിക്രമിച്ചുകയറുന്നത് ശിക്ഷാർഹമാണെന്നും വ്യക്തമാക്കുന്ന ബോർഡ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സ്ഥലത്ത് സ്ഥാപിച്ചു. ശനിയാഴ്ച രാവിലെ ഭൂമിയിൽ ടൗണ്ഷിപ്പ് നിർമാണത്തിനു പ്രാരംഭ ജോലികൾ തുടങ്ങി. ഈ സമയം തൊഴിലാളികൾ പ്രതിഷേധവുമായി എത്തിയെങ്കിലും പ്രവൃത്തി തടസപ്പെടുത്തിയില്ല.
പുൽപ്പാറ ഉൾപ്പെടെ എൽസ്റ്റൻ എസ്റ്റേറ്റിലെ മൂന്നു ഡിവിഷനുകളിൽ വിരമിച്ചശേഷവും ജോലിയിൽ തുടരുന്നവരടക്കം 300 ഓളം തൊഴിലാളികളുണ്ട്. ഇത്രയും പേർക്ക് ഏകദേശം 11 കോടി രൂപയുടെ ആനുകൂല്യങ്ങൾ മാനേജ്മെന്റ് നൽകാനുണ്ട്. പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ലീവ് വിത്ത് വേജസ്, ബോണസ്, മെഡിക്കൽ ആനുകൂല്യം, വെതർ പ്രൊട്ടക്ടീവ് ആനുകൂല്യം, കൂലിക്കുടിശിക എന്നീ ഇനങ്ങളിലാണിത്. സർക്കാരിൽനിന്നു നഷ്ടപരിഹാരം ലഭിക്കുന്ന മുറയ്ക്ക് തൊഴിലാളികൾക്ക് ആനുകൂല്യം നൽകാമെന്ന നിലപാടിലാണ് തോട്ടം മാനേജ്മെന്റ്.
പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിയിലെ തൊഴിലാളി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ട്രേഡ് യൂണിയനുകൾ ഒറ്റയ്ക്കും കൂട്ടായും മാസങ്ങൾ മുന്പ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതാണ്. എന്നാൽ പ്രശ്നപരിഹാരത്തിന് നടപടികൾ ഉണ്ടായില്ല. ഇതേത്തുടർന്ന് തൊഴിലാളികൾ കളക്ടറേറ്റ് പടിക്കൽ സത്യഗ്രഹം ഉൾപ്പെടെ സമരപരിപാടികളിലേക്ക് നീങ്ങിയ സാഹചര്യത്തിൽ കളക്ടറേറ്റിൽ അഡീഷണൽ ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ ചർച്ച നടന്നെങ്കിലും ആനുകൂല്യങ്ങളുടെ കാര്യത്തിൽ തീരുമാനമായില്ല.
തൊഴിലാളി പ്രശ്നത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് കളക്ടറേറ്റിൽ സബ് കളക്ടർ മിസാൽ സാഗർ ഭരത്, വൈത്തിരി തഹസിൽദാർ എന്നിവരുമായി ട്രേഡ് യൂണിയൻ സംയുക്ത സമിതി നേതാക്കൾ ചർച്ച നടത്തിയിരുന്നു.
സമിതിയെ പ്രതിനിധാനം ചെയ്ത് പി. ഗഗാറിൻ, കെ.ടി. ബാലകൃഷ്ണൻ(വയനാട് ലേബർ യൂണിയൻ), പി.പി. ആലി(മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ-ഐഎൻടിയുസി), എൻ.ഒ. ദേവസി (എസ്റ്റേറ്റ് മസ്ദൂർ യൂണിയൻ-എച്ച്എംഎസ്), എൻ. വേണുഗോപാൽ(കോഴിക്കോട് ഡിസ്ട്രിക്ട് പ്ലാന്റേഷൻ ലേബർ കോണ്ഗ്രസ്-ഐഎൻടിയുസി) എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതിനു മുന്പ് തൊഴിലാളി പ്രശ്നം പരിഹൃതമാകാത്തതിനു കാരണം ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകളാണെന്ന് ചർച്ചയ്ക്കിടെ ട്രേഡ് യൂണിയൻ നേതാക്കൾ ആരോപിച്ചു. ടൗണ്ഷിപ് നിർമാണം തടസപ്പെടുത്തുന്നതിന് തൊഴിലാളികളെ നിർബന്ധിതരാക്കരുതെന്ന് മുന്നറിയിപ്പ് നൽകി.
ഈ ചർച്ചയുടെ തുടർച്ച നാളെ കളക്ടറേറ്റിൽ നിശ്ചയിച്ചിട്ടുണ്ട്. ടൗണ്ഷിപ്പിന് ഏറ്റെടുക്കുന്ന ഡിവിഷനിലേതടക്കം എൽസ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളികളുടെ തൊഴിൽ സുരക്ഷയിൽ ഉറപ്പും ചർച്ചയിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതി ഉന്നയിക്കും.