മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം; മോക്ക് ഡ്രിൽ സംഘടിപ്പിച്ചു
1542050
Saturday, April 12, 2025 6:01 AM IST
കൽപ്പറ്റ: ദേശീയ, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ വാളാരംകുന്ന് മട്ടിലയം മേഖലയിൽ മണ്ണിടിച്ചിൽ സംബന്ധിച്ചും കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വെണ്ണിയോട് മേഖലയിൽ വെള്ളപ്പൊക്കം സംബന്ധിച്ചുമുള്ള മോക്ക് എക്സൈസാണ് ഇന്നലെ സംഘടിപ്പിച്ചത്. രാവിലെ എട്ട് മുതൽ ഇൻസിഡന്റ് കമാൻഡറുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഇതിനോടനുബന്ധിച്ച് സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിക്കൽ, മറ്റു രക്ഷാ പ്രവർത്തനങ്ങൾ എന്നിവ നടത്തി. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ പ്രവർത്തനം, കണ്ട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം,
സൈറണുകളുടെ പ്രവർത്തനം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണരക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ പരിശീലനം നൽകി.കളക്ടറേറ്റിൽ നിന്ന് എഡിഎം കെ. ദേവകിയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.