ചൂരൽമല നിവാസികളെ ചേർത്തുപിടിച്ച് മാനന്തവാടി രൂപതയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും
1541738
Friday, April 11, 2025 6:05 AM IST
കൽപ്പറ്റ: ചൂരൽമല പ്രദേശത്തെ വ്യക്തികളുടെ സമഗ്ര വികസനം ലക്ഷ്യംവച്ച് വയനാട് സോഷ്യൽ സർവീസ് സൊസിറ്റിയുടെ യൂണിറ്റ് ചൂരൽമലയിൽ ആരംഭിച്ചു. കഴിഞ്ഞ ആറ് മാസത്തെ നിരന്തരമായ ഇടപെടലിലൂടെയാണ് ഇത് സാധ്യമായത്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ടീം അംഗങ്ങൾ ചൂരൽമല പ്രദേശത്തെ മുഴുവൻ ഭവനങ്ങളിലും സന്ദർശനം നടത്തുകയും നിരവധിതവണ യോഗം ചേരുകയും ചെയ്തു.
തൽഫലമായി 113 വ്യക്തികൾ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയോട് ചേർന്ന് പ്രവർത്തിക്കുവാൻ തയാറായി. ഇവരെ 11 സ്വാശ്രയ സംഘങ്ങൾ ആക്കി തിരിക്കുകയും ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കുകയും ചെയ്തു. ഒപ്പം വിവിധ തരത്തിലുള്ള പരിശീലനങ്ങൾ നൽകി വരുന്നു. വരും കാലങ്ങളിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വിവിധ വികസന പദ്ധതികൾ ഈ പ്രദേശത്ത് നടപ്പാക്കും.
ചൂരൽമലയിൽ ആരംഭിച്ച സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഉദ്ഘാടനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ നിർവഹിച്ചു. ചൂരൽമല വികാരി ഫാ. ജിബിൻ വട്ടുകുളത്തിൽ അധ്യക്ഷത വഹിച്ചു. റീജണൽ കോ ഓർഡിനേറ്റർ ബിൻസി വർഗീസ് പ്രവർത്തന ശൈലി വിശദീകരിച്ചു.
രാജ്യം കണ്ടതിൽവച്ച് ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ നടന്നിട്ട് എട്ട് മാസമായി. അന്നുമുതൽ ഇന്നുവരെ ദുരന്ത ബാധിതർക്ക് സഹായ ഹസ്തവുമായി നിലകൊണ്ട പ്രസ്ഥാനമാണ് മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി.
മാനന്തവാടി രൂപതയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും സമാനതകളില്ലാത്ത തരത്തിലുള്ള ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ദുരന്ത മുഖത്ത് രൂപതയുടെ ഭാഗമായ വിവിധ പ്രസ്ഥാനങ്ങൾ മാതൃകാപരമായ പ്രവർത്തങ്ങളാണ് കാഴ്ചവച്ചത്.
സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധ ആശുപത്രികളിൽനിന്ന് ഓടിയെത്തിയ മെഡിക്കൽ ടീമും വിദഗ്ദ്ധരായ കൗണ്‍സലർമാരും നൽകിയ സേവനം വലുതായിരുന്നു. ചൂരൽമല ദേവാലയമായിരുന്നു ആദ്യദിനങ്ങളിൽ ക്യാന്പ് ഓഫീസ് കം ഇൻഫർമേഷൻ സെന്റർ ആയി പ്രവർത്തിച്ചത്. കൗണ്‍സലിംഗ് രംഗത്ത് പ്രാവീണ്യമുള്ള 100 സന്യസ്ഥരടങ്ങുന്ന സാന്ത്വന പരിചരണ സംഘം രൂപീകരിച്ച് പ്രവർത്തിച്ചു. ഇതിൽ നിന്നും 50 പേരെ ഉൾപ്പെടുത്തി ടീം രൂപീകരിക്കുകയും കൂടുതൽ പരിശീലനം നല്കി ഫോളോ അപ് പ്രവർത്തനങ്ങൾക്ക് നിയോഗിച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമായി ഇവരുടെ സേവനം ഇപ്പോഴും തുടരുന്നു.
രണ്ടാം ഘട്ടത്തിൽ കാരിത്താസ് ഇന്ത്യ, സീഡ്സ് എന്നിവയുടെ സാന്പത്തിക സഹായത്തോടെ ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ്, കോഴിക്കോട് രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ജീവന എന്നിവയുമായി ചേർന്ന് 958 കുടുന്പങ്ങൾക്ക് 9,500 രൂപ വീതം അടിയന്തര ധനസഹായം വും 10,000 രൂപയുടെ ഗ്രഹോപകണങ്ങളും ലഭ്യമാക്കി.
കൂടാതെ കാത്തലിക് റിലീഫ് സർവീസുമായി 307 കുടുബങ്ങൾക്ക് 57 ലക്ഷം രൂപയുടെ വരുമാന വർധക പരിപാടികൾ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പാക്കി. രൂപത 50 കുടുംബങ്ങൾക്ക് 50,000 രൂപയുടെ വീതം ഫർണിച്ചുകൾ നല്കി. വിദ്യാർഥികൾക്കായി പഠനസാമഗ്രികൾ ലഭ്യമാക്കുകയും ക്യാന്പുകൾ സംഘടിപ്പിക്കുകയും ചെയ്തു. 30 കുട്ടികൾക്ക് തുടർ സ്കോളർഷിപ്പുകൾ ഏർപ്പെടുത്തി.
കുടുബാംഗങ്ങൾ നഷ്ടപ്പെടുകയോ വീട് പൂർണമായി തകരുകയോ ചെയ്ത വീട്ടുകളിലെ ഏതാനും കുട്ടികൾക്ക് നാല് ലക്ഷം രൂപ വീതം സ്ഥിര നിക്ഷേപം നല്‍കാനും സാധിച്ചു.
വലിയ നഷ്ടം സംഭവിച്ച ഏതാനും കുടുംബങ്ങളെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി. നിലവിൽ കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിൽ, കേരള സോഷ്യൽ സർവീസ് ഫോറം, വിവിധ രൂപതകൾ, വിവിധ സന്യസ്ത സമൂഹങ്ങൾ, വികസന ഏജൻസികൾ, വ്യക്തികൾ എന്നിവയുമായി സഹകരിച്ച് 40 ഭവനങ്ങൾ നിർമിക്കുന്നത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ച് വരുന്നു.