പാചക വാതക വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ചു
1541429
Thursday, April 10, 2025 5:32 AM IST
കൽപ്പറ്റ: പാചകവാതകത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വില വർധിപ്പിച്ചതിൽ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ വനിതാ വിഭാഗം ജില്ലാ കണ്വൻഷൻ പ്രതിഷേധിച്ചു. പാചകവാതകം സിലിണ്ടറിന് 50 രൂപയും പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപയുമാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചത്.
പെട്രോളിയം കന്പനികളെ സഹായിക്കുന്നതിനാണ് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന നടപടികൾ മോദി സർക്കാർ സ്വീകരിക്കുന്നത്. ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ കുറയുന്പോഴാണ് രാജ്യത്ത് ജനങ്ങളെ കൊള്ളയടിക്കാൻ പട്രോളിയം കന്പനികൾക്ക് അവസരം നൽകുന്നതെന്ന് കണ്വൻഷൻ കുറ്റപ്പെടുത്തി. ഇന്നും നാളെയുമായി വില്ലേജ്, മേഖലാ കേന്ദ്രങ്ങളിൽ അടുപ്പുകുട്ടി സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചു.
കോമള ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. വി.ജി. ഗിരിജ അധ്യക്ഷത വഹിച്ചു. ഗിരിജ മധു റിപ്പോർട്ട് അവതരിപ്പിച്ചു. സി.കെ. ശശീന്ദ്രൻ, കെ. റഫീഖ്, സീത ബാലൻ, കെ. ഷമീർ, സുരേഷ് താളൂർ എന്നിവർ പ്രസംഗിച്ചു. ബീന രതീഷ്(കണ്‍വീനർ), അഖില എബി, വത്സ മാർട്ടിൻ, ഗിരിജ മധു(ജോയിന്റ് കണ്‍വീനർമാർ)എന്നിവർ ഭാരവാഹികളായി 29 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ജുമൈലത്ത് സ്വാഗതവും ബീന രതീഷ് നന്ദിയും പറഞ്ഞു.