ജില്ലയ്ക്ക് മികച്ച നേട്ടം : 200 കോടി കടന്ന് തൊഴിലുറപ്പ് പദ്ധതി
1541737
Friday, April 11, 2025 6:05 AM IST
കൽപ്പറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2024 - 2025 സാന്പത്തിക വർഷം 206.37 കോടി രൂപ ചെലവഴിച്ചതിലൂടെ സംസ്ഥാനത്ത് തന്നെ മികച്ച നേട്ടം കൈവരിക്കാൻ വയനാട് ജില്ലയ്ക്ക് സാധിച്ചു.
കഴിഞ്ഞ സാന്പത്തിക വർഷം 186.81 കോടി രൂപയായിരുന്നു ചെലവഴിച്ചത്. 43.75 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതിലൂടെ 147.61 കോടി രൂപ കൂലിയിനത്തിലും 51.47 കോടി രൂപ മെറ്റീരിയൽ ഇനത്തിലും ഈ വർഷം ചെലവഴിക്കാൻ സാധിച്ചു. 61,051 കുടുംബങ്ങളാണ് ഈ സാന്പത്തിക വർഷം തൊഴിലിനിറങ്ങിയത്. ഇതിൽ 26,358 കുടുംബങ്ങൾ നൂറുദിനം പൂർത്തീകരിക്കുകയും ചെയ്തു. ഇതും റിക്കാർഡാണ്.
15.36 കോടി രൂപ മെറ്റീരിയൽ ഇനത്തിൽ ഈ വർഷം കൂടുതൽ ഉപയോഗിച്ചതിലൂടെ 606 റോഡുകൾ, 28 കൾവർട്ടുകൾ, 31 ഡ്രൈനേജുകൾ, എട്ട് സ്കൂളുകൾക്ക് ചുറ്റുമതിൽ, 19 സ്വയം സഹായ ഗ്രൂപ്പുകൾക്ക് വർക്ക്ഷെഡ്, 182 ജലസേചന കുളങ്ങൾ, മൂന്ന് അങ്കണവാടി കെട്ടിടം തുടങ്ങി ഗ്രാമീണ അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തുന്നതിനുള്ള പ്രവൃത്തികൾ പൂർത്തിയാക്കി.
ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട് 1,633 സോക്ക്പിറ്റുകളും 272 കംന്പോസ്റ്റ് പിറ്റുകളും 126 മിനി എംസിഎഫുകളും നിർമിച്ചു. 1,200 ഓളം കുടുംബങ്ങൾക്ക് തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, തീറ്റപ്പുൽകൃഷി തുടങ്ങിയ വ്യക്തിഗത ആസ്തികൾ നൽകാനും സാധിച്ചു.
ജില്ലയിൽ വരൾച്ച പ്രതിരോധത്തിനായി ജല സംരക്ഷണ പ്രവൃത്തികളും പരന്പരാഗത ജലസ്രോതസുകളുടെ പുനരുദ്ധാരണ പ്രവൃത്തികളും കൂടുതൽ കാര്യക്ഷമമായി ഏറ്റെടുക്കാൻ സാധിച്ചു. ഓരോ വാർഡിലും ഓരോ നഴ്സറി ആരംഭിച്ച് ഗ്രാമ സമൃദ്ധി എന്ന പേരിൽ നടപ്പാക്കുന്ന പ്രത്യേക പദ്ധതി ഈ വർഷം ആരംഭിക്കാൻ പോവുകയാണ്.
തൊഴിൽ കാർഡുള്ള കർഷകർക്ക് അവരുടെ തോട്ടങ്ങളിൽ തെങ്ങ്, കമുക്, കാപ്പി, കശുമാവ്, റംബുട്ടാൻ, മാങ്കോസ്റ്റീൻ, സപ്പോട്ട, മാവ്, പുതിയ ഇനം പ്ലാവുകൾ, ഒൗഷധസസ്യങ്ങൾ, പൂമരങ്ങൾ എന്നിവ നട്ടു നൽകുന്നതാണ് പദ്ധതി.
ഇതിലൂടെ അഞ്ച് ലക്ഷം തൈകൾ കർഷകർക്ക് നട്ടുനൽകാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഓരോ ഗ്രാമപഞ്ചായത്തിലും ഒന്ന് വീതം ജൈവവൈവിധ്യ പാർക്കും ഒൗഷധസസ്യ ഉദ്യാനവും നിർമിക്കുന്നതിന് പദ്ധതി തയാറാക്കിയിട്ടുണ്ട്.