ബൈക്ക് മോഷണം: രണ്ടാം പ്രതി പിടിയിൽ
1541428
Thursday, April 10, 2025 5:32 AM IST
കൽപ്പറ്റ: ബൈക്ക് മോഷണക്കേസിൽ രണ്ടാം പ്രതി പിടിയിലായി. മേപ്പാടി കാപ്പംകൊല്ലിയിലെ സ്ഥാപനത്തിൽനിന്നു രണ്ട് ലക്ഷം രൂപ വിലവരുന്ന ബൈക്ക് മാർച്ച് 15ന് പുലർച്ചെ മോഷ്ടിച്ച കേസിലെ രണ്ടാംപ്രതി വൈത്തിരി പന്ത്രണ്ടാംപാലം മുഹമ്മദ് ഷിഫാനെയാണ് മേപ്പാടി എസ്ഐ വി. ഷറഫുദ്ദീൻ, പ്രൊബേഷൻ എസ്ഐ വി. രേഖ, സിപിഒമാരായ പ്രശാന്ത്കുമാർ, ടോണി മാത്യു എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
ഒന്നാംപ്രതി വൈത്തിരി പന്ത്രണ്ടാംപാലം മുതിരോത്ത് ഫസൽ മറ്റൊരു ബൈക്ക് മോഷണക്കേസിൽ താമരശേരി പോലീസിന്റെ പിടിയിലായിരുന്നു. കാപ്പംകൊല്ലിയിൽനിന്നു മോഷ്ടിച്ച ബൈക്ക് ഫസലിന്റെ വീട്ടുവളപ്പിൽനിന്നു പോലീസ് കണ്ടെടുത്തു.
വൈത്തിരി, ചുണ്ട, മേപ്പാടി എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽനിന്നു ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ചുണ്ടേൽ ടൗണിലെ ചായക്കടയിലുള്ള സിസിടിവിയിൽനിന്നാണ് പ്രതികളുടെ യഥാർഥ ചിത്രങ്ങൾ ലഭിച്ചത്.