മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തിൽ ചർച്ച ഏഴിന്
1539536
Friday, April 4, 2025 5:57 AM IST
കൽപ്പറ്റ: മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. ശശീന്ദ്രനെതിരേ ഭരണസമിതിയിലെ ഒരു വിഭാഗം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ചർച്ചയും വോട്ടെടുപ്പും ഏഴിന് നടത്തും. ചർച്ച പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ രാവിലെ 11ന് തുടങ്ങും.
കോണ്‍ഗ്രസ് ടിക്കറ്റിൽ പഞ്ചായത്ത് പ്രസിഡന്റായ വി.എൻ. ശശീന്ദ്രൻ കടച്ചിക്കുന്ന് വാർഡ് അംഗമാണ്. കോണ്‍ഗ്രസ് ധാരണയനുസരിച്ച് ഇദ്ദേഹം ആറു മാസം മുന്‍പ് പ്രസിഡന്റ് പദവി ഒഴിയേണ്ടതായിരുന്നു. ഡിസിസി പ്രസിഡന്റ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാൻ കൂട്ടാക്കാത്ത സാഹചര്യത്തിൽ വി.എൻ. ശശീന്ദ്രനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.
കർഷക കോണ്‍ഗ്രസ് മുൻ ജില്ലാ പ്രസിഡന്റാണ് വി.എൻ. ശശീന്ദ്രൻ. കോണ്‍ഗ്രസ് മൂപ്പൈനാട് മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങളായ 10 ഒപ്പിട്ടതാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ അവിശ്വാസ പ്രമേയം.
16 അംഗങ്ങളാണ് പഞ്ചായത്ത് ഭരണസമിതിയിൽ. എൽഡിഎഫിന് അഞ്ച് അംഗങ്ങളുണ്ട്. ശശീന്ദ്രൻ ഒഴികെയുള്ള 10 യുഡിഎഫ് അംഗങ്ങളിൽ ആറു പേർ മുസ്ലിം ലീഗുകാരാണ്.