ബ്രഹ്മഗിരി സൊസൈറ്റി : ഇഡി അന്വേഷണം ആവശ്യപ്പെട്ട് കർഷക കോണ്‍ഗ്രസ് മാർച്ച് നടത്തി
1539527
Friday, April 4, 2025 5:57 AM IST
കൽപ്പറ്റ: ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുടെ ഇടപാടുകളിൽ ഇഡി അന്വേഷണവും വന്യജീവി ശല്യത്തിനു പരിഹാരവും ആവശ്യപ്പെട്ട് കർഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
വിവിധ പ്രോജക്ടുകളുടെ പേരിൽ കർഷകർ, ചെറുകിട വ്യാപാരികൾ, പ്രവാസികൾ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, സേവനത്തിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥർ തുടങ്ങിയവരിൽനിന്നു സമാഹരിച്ച അനേകം കോടി രൂപ സൊസൈറ്റി നടത്തിപ്പുകാർ ധൂർത്തടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
സർക്കാരിൽനിന്ന് 35 കോടിയോളം രൂപ ഗ്രാന്റ് ലഭിച്ചിട്ടും മലബാർ മീറ്റ് ഉൾപ്പെടെ സംരംഭങ്ങൾ പൂട്ടിയതിനു ഉത്തരവാദികൾ സൊസൈറ്റി നടത്തിപ്പുകാരായ സിപിഎം ജില്ലാ നേതാക്കളാണ്. വലിയതോതിലുള്ള പകൽക്കൊള്ളയാണ് നടന്നത്. നിക്ഷേപമായി വാങ്ങിയ തുക എത്രയും വേഗം തിരികെ നൽകണം. സൊസൈറ്റിക്ക് പണം നൽകിയ പ്രവാസികൾ അടക്കം പലരും ആത്മഹത്യയുടെ വക്കിലാണ്.
ബ്രഹ്മഗിരി വിഷയത്തിൽ സർക്കാരോ അന്വേഷണ ഏജൻസികളാ ഒരു നടപടിയും സ്വീകരിച്ചില്ല. ജനങ്ങളുടെ പണം അഴിമതിക്കും ധൂർത്തിനും ഉപയോഗിക്കുന്ന സിപിഎം സംഘങ്ങളെ സംരക്ഷിക്കുന്നതാണ് സർക്കാർ സമീപനമെന്നും അപ്പച്ചൻ പറഞ്ഞു.
കർഷക കോണ്‍സ് ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.എൽ. പൗലോസ്, കെ.കെ. വിശ്വനാഥൻ, എം.വി. വിൻസന്റ്, വി.ഡി. ജോസ്, പി.എ. പൗലോസ്, ബൈജു ചാക്കോ, നാരായണവാര്യർ, ജേക്കബ്, സി.കെ. രത്നവല്ലി, ടോമി തേക്കുമല, കെ.എം. കുര്യാക്കോസ്, കെ.ജെ. ജോണ്‍,
ഇ.ജെ. ഷാജി, പരിതോഷ്കുമാർ, റിനു ജോണ്‍, എൻ.യു. ഉലഹന്നാൻ, വർഗീസ് മുരിയൻകാവിൽ, എം.എ. പൗലോസ്, എം.ജി. ബിജു, എം.എ. ജോസഫ്, ടി.എസ്. ദിലീപ്കുമാർ, എച്ച്.ബി. പ്രദീപ്, ജിൽസണ്‍ തൂപ്പുംകര, ബീന, ബിനു തരിയോട്, സുരേഷ് മേപ്പാടി എന്നിവർ പ്രസംഗിച്ചു.