കുട്ടികളിലെ പോഷകാഹാരക്കുറവിന് പരിഹാരം : നൂൽപ്പുഴയിലെ ന്യൂട്രീഷൻ ഇനിഷ്യേറ്റീവ് വിജയത്തിലേക്ക്
1539529
Friday, April 4, 2025 5:57 AM IST
കൽപ്പറ്റ: സംസ്ഥാനത്തെ പഞ്ചായത്തുകളിൽ ആദിവാസി ജനസംഖ്യയിൽ രണ്ടാംസ്ഥാനത്തുള്ള നൂൽപ്പുഴയിൽ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനു നടപ്പാക്കിയ ന്യൂട്രീഷൻ ഇനിഷ്യേറ്റീവ് പദ്ധതി വിജയത്തിലേക്ക്. രണ്ടുവർഷം മുന്‍പ് തുടങ്ങിയ പദ്ധതിയിലൂടെ പഞ്ചായത്തിലെ കുട്ടികളിൽ 61 ശതമാനം പേരിൽ പോഷകാഹാരക്കുറവുമൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി.
നീതി ആയോഗിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് പ്രോഗ്രാമിനു കീഴിൽ ഐസിഡിഎസിന്റെയും നൂൽപ്പുഴ പഞ്ചായത്തിന്റെയും സഹകരണത്തോടെ ബംഗളൂരു കേന്ദീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന യുണൈറ്റഡ് വേ ’റൂറൽ റൈസിംഗ്’ കാന്പയിനിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. 400 അടുക്കളകളിലൂടെ നടപ്പിലാക്കിയ പദ്ധതിയെക്കുറിച്ച് അടുത്തിടെ നടത്തിയ പഠനത്തിൽ 700 കുട്ടികൾക്ക് നേരിട്ട് ഗുണം ലഭിച്ചതായി കണ്ടെത്തി.
കുട്ടികൾക്ക് യോജ്യമായ അന്തരീക്ഷം ഉണ്ടാക്കുന്നതിന് 30 അങ്കണവാടികൾ പദ്ധതിയുടെ ഭാഗമായി നവീകരിച്ചു.
42 അങ്കണവാടികളിൽ സൂക്ഷ്മ പോഷകങ്ങൾ അടങ്ങിയ പാകം ചെയ്ത ഭക്ഷണങ്ങൾ ദിവസം മൂന്നുനേരം വീതം ആഴ്ചയിൽ ആറു ദിവസവും ലഭ്യമാക്കി. ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള ബോധവത്കരണം,
30 അങ്കണവാടി കേന്ദ്രങ്ങളിൽ കമ്മ്യൂണിറ്റി അധിഷ്ഠിത മാതൃകയായ കോ ആക്ടീവ് കിച്ചണ്‍സ് ഫോർ എൻറിച്ച്മെന്റ് നടപ്പിലാക്കൽ, മാതാപിതാക്കളെ ലക്ഷ്യംവച്ചുള്ള ഭവനസന്ദർശനം എന്നിവയും വിവിധസർക്കാർ വകുപ്പുകളുടെ സഹകരണവുമാണ് പദ്ധതി വിജയത്തിലെത്തിച്ചതെന്നു യുണൈറ്റഡ് വേ സിഇഒ രാജേഷ് കൃഷ്ണൻ പറഞ്ഞു.