ക്വാറികൾ ആരംഭിക്കാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി നാട്ടുകാർ
1539199
Thursday, April 3, 2025 5:23 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിൽ നാല് ക്വാറികൾ കൂടി അനുവദിക്കാനുള്ള അധികൃതരുടെ നീക്കത്തിൽ പ്രതിഷേധവുമായി നാട്ടുകാർ.
കർണാടക അതിർത്തിയോടു ചേർന്നുള്ള മുള്ളൻകൊല്ലി പഞ്ചായത്തിൽ മൂന്നു ക്വാറികൾ നിലവിലുണ്ട്. ഈ ക്വാറികൾക്കെതിരേ പരാതികൾ നിലനിൽക്കേയാണ് പുതിയ ക്വാറികൾ തുടങ്ങാനുള്ള നീക്കം. പ്രത്യേക ഗ്രാമസഭകൾ ചേർന്ന് നിവേദനം നൽകിയിട്ടും ക്വാറികൾ അനുവദിക്കുന്നതിന് നടപടികളുമായി മുന്നോട്ടുപോകുകയാണ് അധികൃതർ.
ഇതിനെതിരേ പാടിച്ചിറ, സീതാമൗണ്ട്, പറുദീസക്കവല എന്നിവിടങ്ങളിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
വേനലിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നതാണ് മുള്ളൻകൊല്ലി പഞ്ചായത്തിലെ പല പ്രദേശങ്ങളും. എന്നിരിക്കേ പുതിയ ക്വാറികൾ തുടങ്ങുന്നതിനുള്ള നീക്കം തടയുന്നതിന് പഞ്ചായത്ത് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.