ഇ-പാസ്: നീലഗിരിയിൽ ഹർത്താൽ പൂർണം
1539192
Thursday, April 3, 2025 5:18 AM IST
ഗൂഡല്ലൂർ: ദക്ഷിണേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നീലഗിരിയിൽ പ്രവേശനത്തിന് ടൂറിസ്റ്റ് വാഹനങ്ങൾക്ക് ബാധകമാക്കിയ ഇ-പാസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇതര സംഘടനകളുടെ സഹകരണത്തോടെ വ്യാപാരി സംഘം ആഹ്വാനം ചെയ്ത 24 മണിക്കൂർ ഹർത്താൽ ജില്ലയിൽ പൂർണം. ഊട്ടി, ഗൂഡല്ലൂർ, കുന്നൂർ, കോത്തഗിരി, പന്തല്ലൂർ, ദേവർഷോല, എരുമാട്, കൊളപ്പള്ളി, ചേരന്പാടി, ബിദർക്കാട്, അയ്യംകൊല്ലി, നാടുകാണി, മഞ്ചൂർ, മസിനഗുഡി ഉൾപ്പെടെ ടൗണുകളിൽ കടകൾ അടഞ്ഞുകിടന്നു.
ഇന്നലെ രാവിലെ ആറിനാണ് ഹർത്താൽ ആരംഭിച്ചത്. ഈ വിവരം അറിയാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിയ സഞ്ചാരികൾ ബുദ്ധിമുട്ടി. ശനി, ഞായർ ദിവസങ്ങളിലും അവധി ദിനങ്ങളിലും 8,000 ഉം മറ്റു ദിവസങ്ങളിൽ 6,000 ഉം വാഹനങ്ങൾക്കാണ് ജില്ലയിൽ പ്രവേശനാനുമതി.
ചെന്നൈ ഹൈക്കോടതി ഉത്തരവിനു വിധേയമായി ഏപ്രിൽ ഒന്നു മുതൽ ജൂണ് ആറ് വരെയാണ് വാഹന പ്രവേശനത്തിനു നിയന്ത്രണം. ഇത് ജില്ലയിൽ വ്യാപാര മേഖലയ്ക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് നീലഗിരി ജില്ലാ വ്യാപാരി സംഘം ഹർത്താൽ ആഹ്വാനം ചെയ്തത്. വേനൽക്കാലത്താണ് നീലഗിരിയിൽ കൂടുതൽ സഞ്ചാരികളെത്തുന്നത്. ജില്ലാ അതിർത്തിയിൽ ഒന്പത് ഇടങ്ങളിൽ ചെക്പോസ്റ്റുകളുണ്ട്. ഇവിടങ്ങളിലെ ഇ-പാസ് പരിശോധന മറ്റു വാഹനങ്ങളിലെ യാത്രക്കാർക്ക് ദുരിതമാകുകയാണ്.
ബദൽ സംവിധാനം ഏർപ്പെടുത്തി പ്ലാസ്റ്റിക് നിരോധന നിയമം നടപ്പാക്കുക, സെക്ഷൻ 17 വിഭാഗം ഭൂമി പ്രശ്നം പരിഹരിക്കുക, ടിഎൻപിപിഎഫ് നിയമം ജനസൗഹൃദമാക്കുക, വന്യജീവിശല്യത്തിന് പരിഹാരം കാണുക, പന്തല്ലൂർ, ദേവർഷോല ടൗണുകളിൽ ഡ്രൈനേജ് നിർമിക്കുക, ബോട്ട്ഹൗസ് സ്ഥാപിച്ച് മസിനഗുഡി മറവക്കണ്ടി അണക്കെട്ട് വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കുക, ടൈഗർ റിസർവ് പ്രോജക്ടിനു അനുസരിച്ച് ഇക്കോ ടൂറിസം തുടരുക, ആനത്താരയുടെ പേരിൽ കൃഷിക്കും ഭവന നിർമാണത്തിനും ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുക, മാസ്റ്റർ പ്ലാൻ പരിഷ്കരിക്കുക, അനുമതിയില്ലാതെ നിർമിച്ച കെട്ടിടങ്ങൾക്ക് അംഗീകാരം നൽകുക, പച്ചത്തേയില വില വർധിപ്പിക്കുക,
ഊട്ടി, കുന്നൂർ നഗരസഭാ മാർക്കറ്റുകളിലെ വ്യാപാരികളുടെ ആവശ്യങ്ങൾ അംഗീകരിക്കുക, നീലഗിരിയിൽ പുതിയ വീടുകൾ നിർമിക്കുന്നതിനുള്ള 7,000 അപേക്ഷകൾ തീർപ്പാക്കുക, മഞ്ചൂർ-മുള്ളി-മണ്ണാർക്കാട് റോഡ് ഗാതഗതത്തിനു തുറന്നുകൊടുക്കുക, ടാക്സി ഡ്രൈവർമാരുടെ ഉപജീവനമാർഗം തകർക്കുന്ന ഓല, ഊബർ, റെഡ് ടാക്സി സർവീസുകൾ നിയന്ത്രിക്കുക, ഊട്ടി ബോട്ടാണിക്കൽ ഗാർഡനിലെ പ്രവേശന ഫീസും പാർക്കിംഗ് ചാർജും കുറയ്ക്കുക,
ഊട്ടിയിലെ സഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ ശുചിമുറികളും കുടിവെള്ള സൗകര്യവും ഏർപ്പെടുത്തുക, സില്ലല്ലാ റിസർവോയർ പദ്ധതി ഉപേക്ഷിക്കുക, മുഴുവൻ വീടുകളിലും വൈദ്യുതി എത്തിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു ഹർത്താൽ.