ലഹരി വിരുദ്ധ കാന്പയിൻ: സമ്മർ കോച്ചിംഗ് ക്യാന്പുകൾ നടത്തുന്നു
1539184
Thursday, April 3, 2025 5:18 AM IST
കൽപ്പറ്റ: ലഹരിവിരുദ്ധ കാന്പയിനിന്റെ ഭാഗമായി "സ്പോർട്സാണ് ലഹരി’ എന്ന മുദ്രാവാക്യവുമായി ജില്ലാ സ്പോർട്സ് കൗണ്‍സിൽ കുട്ടികൾക്ക് സമ്മർ കോച്ചിംഗ് ക്യാന്പുകൾ നടത്തുമെന്ന് പ്രസിഡന്റ് എം. മധു, വൈസ് പ്രസിഡന്റ് സലിം കടവൻ, കൗണ്‍സിൽ അംഗം പി.കെ. അയൂബ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അഞ്ചിനും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, നീന്തൽ, ആർച്ചറി, ബാഡ്മിന്റണ്‍, ഷട്ടിൽ എന്നിവയിലാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. വിവിധ കേന്ദ്രങ്ങളിൽ എട്ടിന് ആരംഭിക്കുന്ന ക്യാന്പുകൾ മേയ് 28ന് സമാപിക്കും. പങ്കെടുക്കുന്നവരിൽനിന്നു ചെറിയ തുക ഫീസ് ഇടാക്കും. വിശദവിവരത്തിന് 04936 202658, 9778471869 എന്നീ നന്പറുകളിൽ വിളിക്കാം.
ഇതേ മുദ്രാവാക്യവുമായി ജില്ലാ സ്പോർട്സ് കൗണ്‍സിൽ പഞ്ചായത്തുതല സ്പോർട്സ് കൗണ്‍സിലുകളുമായി സഹകരിച്ച് പഞ്ചായത്ത്, ജില്ലാതലങ്ങളിൽ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് യുവജന-വിദ്യാർഥി സംഘടനാ ഭാരവാഹികൾ, യൂത്ത് വെൽഫെയർ ബോർഡ് അംഗങ്ങൾ,
വിദ്യാഭ്യാസം, എക്സൈസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം 11ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ എന്നിവരുടെ സാന്നിധ്യത്തിൽ സ്പോർട്സ് കൗണ്‍സിൽ ഹാളിൽ ചേരും.