വഖഫ് നിയമ ഭേദഗതി ബിൽ : പ്രിയങ്കഗാന്ധി ലോകസഭയിലെത്താതിരുന്നത് വിവാദമാക്കി സിപിഎം
1539528
Friday, April 4, 2025 5:57 AM IST
കൽപ്പറ്റ: വഖഫ് നിയമ ഭേദഗതി ബിൽ ചർച്ച ചെയ്യുന്പോൾ വയനാട് എംപി പ്രിയങ്ക ഗാന്ധി ലോക്സഭയിൽ ഇല്ലാതിരുന്നത് വിവാദമാക്കി സിപിഎം വയനാട് ഘടകം. വയനാട്ടിൽ മതേതര പക്ഷത്തുള്ള ജനങ്ങളെ പിന്നിൽനിന്നു കുത്തുന്ന സമീപനമാണ് കോണ്ഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക സ്വീകരിച്ചതെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ആരോപിച്ചു.
സഭയിൽ ഹാജരാകണമെന്ന പാർട്ടി വിപ്പ് ഉള്ളപ്പോഴാണ് ജില്ലയിലെ വോട്ടർമാരെ വഞ്ചിക്കുന്ന സമീപനം പ്രിയങ്ക ഗാന്ധി സ്വീകരിച്ചത്. ഇത് ഭയപ്പെടുത്തുന്നതാണ്. പ്രിയങ്കയുടെ നിലപാടിനെതിരേ മതേതര കേരളം രംഗത്തുവരണം. വഖഫ് ഭേഭഗതി ബിൽ ലോക്സഭയിൽ ചർച്ച ചെയ്തപ്പോൾ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സംസാരിക്കാനുള്ള പ്രവിലേജ് ഉണ്ടായിട്ടും മിണ്ടാതിരിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്തത്.
കോണ്ഗ്രസ് അഖിലേന്ത്യ നേതാക്കൾ കേരളത്തിൽ കാണിക്കുന്ന ന്യൂനപക്ഷപ്രേമം ഉത്തരേന്ത്യയിൽ എത്തുന്പോൾ മൃദു ഹിന്ദുത്വ പ്രകടനമായി മാറുകയാണ്. രാജ്യത്തിന്റെ മതേതര നിലപാടിനെയും ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശ സംരക്ഷണത്തെയും അട്ടിമറിച്ചാണ് വഖഫ് ഭേദഗതി നിയമം ബിജെപി നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
രാജ്യത്തെ മതേതര ശക്തികളെല്ലാം ബിജെപി നീക്കത്തിനെതിരേ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രമേയം പിൻവലിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് ഐക്യകണ്ഠേന പാസാക്കിയിരുന്നു.
ബിൽ പാസാകുന്നതോടെ കേരളത്തിന്റെ പ്രമേയം അറബിക്കടലിൽ എന്നാണ് കേന്ദ്ര മന്ത്രി സുരേഷ്ഗോപി പറഞ്ഞത്. ഇതിനെ എതിർത്തുപറയാൻ വയനാട്ടിൽനിന്നുള്ള എംപി ലോക്സഭയിൽ ഉണ്ടായിരുന്നില്ല എന്നത് ദൗർഭാഗ്യകരമാണെന്നും റഫീഖ് പറഞ്ഞു.