സ്കൂൾ പാചകത്തൊഴിലാളികളുടെ കൂലിപ്രശ്നം : സർക്കാരിനെതിരേ സമരവുമായി എഐടിയുസി
1539183
Thursday, April 3, 2025 5:18 AM IST
കൽപ്പറ്റ: സംസ്ഥാനത്തെ സ്കൂൾ പാചകത്തൊഴിലാളികളുടെ കൂലിപ്രശ്നത്തിൽ സർക്കാരിനെതിരേ സമരവുമായി എഐടിയുസി അഫിലിയേഷനുള്ള സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ. സ്കൂൾ പാചകത്തൊഴിലാളികളെ വിദ്യാലയ ജീവനക്കാരായി അംഗീകരിക്കുക, കൂലി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂണിയൻ 22 മുതൽ 26 വരെ സെക്രട്ടേറിയറ്റ് പടിക്കൽ അതിജീവന സമരവും 22ന് രാപകൽ സമരവും സംഘടിപ്പിക്കും.
22ന് രാവിലെ 10ന് ആരംഭിക്കുന്ന രാപകൽ സമരത്തിൽ പാചകത്തൊഴിലാളികളായ 500 വനിതകൾ പങ്കെടുക്കും. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 26ന് വൈകുന്നേരം അഞ്ചിന് അതിജീവനസമരം സമാപന സമ്മേളനം എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. പ്രക്ഷോഭത്തിൽ ജില്ലയിൽനിന്നു 50 തൊഴിലാളികൾ പങ്കെടുക്കും.
സംസ്ഥാനത്തെ 20,000ഓളം വരുന്ന സ്കൂൾ പാചകത്തൊഴിലാളികളെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിരന്തരം അവഗണിക്കുന്ന സാഹചര്യത്തിലാണ് സമരത്തിന് യൂണിയൻ നിർബന്ധിതമായതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ, ജില്ലാ സെക്രട്ടറി സെലീന സന്തോഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗീത കൃഷ്ണദാസ്, ഇ.ഡി. അന്ന, രാധാകൃഷ്ണൻ തരുവണ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്കൂൾ പാചകത്തൊഴിലാളികളുടെ ഉന്നമനത്തിന് മുൻ സർക്കാരുകൾ സ്വീകരിച്ച സമീപനങ്ങളെ നിലവിലെ സർക്കാർ തിരസ്കരിക്കുകയാണ്. നാമമാത്ര ഓണറേറിയമാണ് കേന്ദ്രസർക്കാർ സ്കൂൾ പാചകത്തൊഴിലാളികൾക്ക് നൽകുന്നത്. 2010ൽ കേന്ദ്ര, സംസ്ഥാന വിഹിതം ചേർത്ത് 100 രൂപയായിരുന്നു തൊഴിലാളികൾക്ക് ദിവസക്കൂലി. സംസ്ഥാന സർക്കാർ ബജറ്റിലൂടെ ഓരോ വർഷവും കൂലി 50 രൂപ വർധിപ്പിച്ചിരുന്നു. 2021 വരെ ഈ സ്ഥിതി തുടർന്നു. എന്നാൽ നിലവിലെ സർക്കാർ അവതരിപ്പിച്ച അഞ്ച് ബജറ്റുകളിലും സ്കൂൾ പാചകത്തൊഴിലാളികളെ അവഗണിച്ചു.
കേന്ദ്ര നയത്തിൽനിന്നു വ്യത്യസ്തമായി സംസ്ഥാന സർക്കാർ സ്കൂൾ പാചകത്തൊഴിലാളികളെ 2013ൽ മിനിമം വേതന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നിരുന്നു. തുടർന്ന് 2016ൽ അടിസ്ഥാന വേതനം 350 രൂപ നിശ്ചയിച്ച് തൊഴിൽ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. അടിസ്ഥാന കൂലിക്കു പുറമേ 15 ശതമാനം വരെ സർവീസ് വെയിറ്റേജ്, 250ന് മുകളിൽ വരുന്ന പോയിന്റുകൾക്ക് ഒരു രൂപ വീതം ക്ഷാമബത്ത, 250 കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ ഒരു തൊഴിലാളി,
സ്പെഷൽ അവലൻസ്, ലഘുഭക്ഷണ പാചകത്തിനു ദിവസവേതനത്തിന്റെ 20 ശതമാനം വരെ അധിക വേതനം, പ്രവൃത്തി ദിവസങ്ങളിൽ അടിസ്ഥാന വേതനത്തിനു ഉറപ്പ് എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു വിജ്ഞാപനം. എട്ട് വർഷം കഴിഞ്ഞിട്ടും ഇത് പ്രാവർത്തികമായില്ല. തന്നെയുമല്ല, മിനിമം വേതന നിയമത്തിന്റെ പരിധിയിൽനിന്ന് സ്കൂൾ പാചകത്തൊഴിലാളികളെ ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.
വിരമിക്കൽ ആനുകൂല്യമോ ഗ്രാറ്റുവിറ്റിയോ പെൻഷനോ ഇല്ലാതെയാണ് സംസ്ഥാനത്ത് സ്കൂൾ പാചകത്തൊഴിലാളികൾ ജോലി ചെയ്യുന്നത്. തമിഴ്നാട് സർക്കാർ ഒന്നേകാൽ ലക്ഷത്തിലധികം വരുന്ന തൊഴിലാളികളെ പാർട്ട് ടൈം ജീവനക്കാരായി അംഗീകരിച്ച് ആനുകൂല്യം നൽകുന്നുണ്ട്. ഇത് കണ്ടില്ലെന്നു നടിക്കുന്ന സംസ്ഥാന സർക്കാർ കേന്ദ്രത്തെ പഴിക്കുകയാണ് ചെയ്യുന്നത്.
ഉച്ചഭക്ഷണ പദ്ധതിയിൽ കേന്ദ്ര മാനദണ്ഡങ്ങളിൽ തൊഴിലാളികൾക്ക് അനുകൂലമായിരുന്ന ഏക വ്യവസ്ഥ 500 കുട്ടികൾക്ക് ആറ് തൊഴിലാളി എന്നതാണ്. ഈ വ്യവസ്ഥ ലംഘിച്ച് 500 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന നിലപാടാണ് സംസ്ഥാന സർക്കാർ അടിച്ചേൽപ്പിക്കുന്നത്. കുട്ടികൾക്ക് സമയബന്ധിതമായി ഭക്ഷണം നൽകുന്നതിന് തൊഴിലാളി സഹായിയെ വയ്ക്കേണ്ട സ്ഥിതിയാണ്. സഹായിക്കുള്ളത് നൽകിക്കഴിഞ്ഞാൽ തൊഴിലാളിക്ക് ഏകദേശം 300 രൂപയാണ് കൂലി ലഭിക്കുന്നത്.
തൊഴിലാളികളുടെ കൂലി കുടിശികയാകുന്നത് മൂന്നു വർഷമായി തുടരുകയാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ കൂലി കിട്ടിയിട്ടില്ല. തൊഴിലാളി ദ്രോഹനടപടികളെ സർക്കാർ നിയമസഭയിൽ ന്യായീകരിക്കുകയാണെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.