ഗോകുലിന്റെ മരണത്തിൽ ജുഡീഷൽ അന്വേഷണം നടത്തണം: ഐ.സി. ബാലകൃഷ്ണൻ
1539187
Thursday, April 3, 2025 5:18 AM IST
സുൽത്താൻ ബത്തേരി: അന്പലവയൽ നെല്ലാറച്ചാൽ പുതിയപാടി പണിയ ഉന്നതിയിലെ ഗോകുലിനെ കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.
ഗോകുലിനെനെയും പരിചയക്കാരിയായ പെണ്‍കുട്ടിയെയും കഴിഞ്ഞ 26ന് കാണാതായിരുന്നു. കുടുംബാംഗങ്ങൾ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചശേഷം എസ്ടി പ്രാമോട്ടറുടെ സഹായത്തോടെ 30ന് അന്പലവയൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഗോകുലിനെയും പെണ്‍കുട്ടിയെയും 31ന് വൈകുന്നേരം കോഴിക്കോട് പുതിയ സ്റ്റാൻഡ് പരിസരത്ത് പോലീസ് കണ്ടെത്തി കൽപ്പറ്റ പോലീസിനു കൈമാറി.
ഈ വിവരം ബന്ധുക്കളെ അറിയിക്കുന്നതിലും ഗോകുലിന് സ്റ്റേഷനിൽ സുരക്ഷ ഒരുക്കുന്നതിലും പോലീസിന് വീഴ്ചപറ്റി. എന്തൊക്കെയാണ് സ്റ്റേഷനിൽ നടന്നതെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം. ഇതിന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. കേസ് രജിസ്റ്റർ ചെയ്യാതെ ഗോകുലിനെ സ്റ്റേഷനിൽ ഇരുത്തിയതും വീഴ്ചയാണ്.
പോലീസിന് ജാഗ്രതക്കുറവാണ് ഗോകുലിനെ മരണത്തിലേക്ക് നയിച്ചത്. 18 വയസിൽ താഴെ പ്രായമുള്ള ഗോകുലിനെ പോക്സോ നിയമത്തെക്കുറിച്ചു പറഞ്ഞ് പോലീസ് സമ്മർദത്തിലാക്കിയെന്നു സംശയിക്കണം. ഗോകുലിന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.