"വണ്‍ സ്കൂൾ വണ്‍ ഗെയിം’ പദ്ധതിക്കു തുടക്കമായി
1537877
Sunday, March 30, 2025 5:45 AM IST
കായികമേഖലയെ ശക്തീകരിക്കും
കൽപ്പറ്റ: ജില്ലാ പഞ്ചായത്തിന്റെ ’വണ്‍ സ്കൂൾ വണ്‍ ഗെയിം’ പദ്ധതി മുട്ടിൽ ഡബ്ല്യുഎംഒ ഓർഫനേജ് ഓഡിറ്റോറിയത്തിൽ പ്രിയങ്ക ഗാന്ധി എംപി ഉദ്ഘാടനം ചെയ്തു.
കായിക മത്സരങ്ങൾ അച്ചടക്കവും കഠിനാധ്വാനവും പരസ്പര ബഹുമാനവുമാണ് പഠിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു. കായിക മേഖലയിൽ വ്യാപൃതരാവുന്പോൾ ദുശീലങ്ങളിൽനിന്നു മാറി നല്ല ജീവിതരീതി പടുത്തുയർത്താൻ ആളുകൾക്ക് സാധിക്കും. കുട്ടികൾ കളിക്കേണ്ടതിന്റെ പ്രാധാന്യം മുതിർന്നവർ മറന്നുപോകുകയാണെന്നും പ്രിയങ്ക പറഞ്ഞു.
ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, വൈസ് പ്രസിഡന്റ് എസ്. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു,
ജനപ്രതിനിധികളായ എം. മുഹമ്മദ് ബഷീർ, ഉഷ തന്പി, സീത വിജയൻ, ജുനൈദ് കൈപ്പാണി, സുരേഷ് താളൂർ, മീനാക്ഷി രാമൻ, അമൽ ജോയി, ബിന്ദു പ്രകാശ്, സിന്ധു ശ്രീധരൻ, കെ.ബി. നസീമ, കെ. വിജയൻ, ബീന ജോസ്, എ.എൻ. സുശീല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. ശശീന്ദ്രവ്യാസ്, ഒളിന്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലിം കടവൻ, എച്ച്എം ഫോറം കണ്‍വീനർ സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർഥികൾക്ക് കായിക മേഖലയിൽ വിദഗ്ധ പരീശീലനം നൽകുന്നതിന് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 39 ഹൈസ്കൂളുകൾക്ക് കായിക ഉപകരണങ്ങൾ നൽകുകയും കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയുമാണ് ’വണ്‍ സ്കൂൾ വണ്‍ ഗെയിം’ പദ്ധതി ലക്ഷ്യം. വിദ്യാലയങ്ങൾക്ക് കായിക ഉപകരണങ്ങൾ നൽകുന്നതിന് ഏകദേശം ഒരു കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്.
ഫുട്ബോൾ, ക്രിക്കറ്റ്, ഹോക്കി, ബേസ്ബോൾ, സൈക്കിൾ പോളോ തുടങ്ങിയ കായിക ഇനങ്ങളാണ് ഓരോ സ്കൂളും സൗകര്യം അനുസരിച്ച് തെരഞ്ഞെടുത്തത്.
കായികാധ്യാപകർ ഇല്ലാത്ത സ്കൂളുകളിൽ കായികാധ്യാപകരെ ജൂണ്‍ മുതൽ ജില്ലാ പഞ്ചായത്ത് നിയമിക്കും. കായികമേഖലയെ ശക്തീകരിച്ച് കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം തടയുകയും പദ്ധതി ലക്ഷ്യമാണ്.