പടിഞ്ഞാറത്തറയിൽ അഖിലേന്ത്യ വോളിബോൾ മേള മൂന്ന് മുതൽ
1537882
Sunday, March 30, 2025 5:45 AM IST
കൽപ്പറ്റ: പടിഞ്ഞാറത്തറ ഗാല വോളിബോൾ ക്ലബ് ഏപ്രിൽ മൂന്ന്, നാല്, അഞ്ച് തീയതികളിൽ പടിഞ്ഞാറത്തറ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ അഖിലേന്ത്യ, പ്രാദേശിക വോളിബോൾ മേള നടത്തും. സംഘാടക സമിതി ചെയർമാൻ അഷ്റഫ് അച്ചൂസ്, കണ്വീനർ സി.കെ. അബ്ദുൾ ഗഫൂർ, മറ്റു ഭാരവാഹികളായ ഒ. നാസർ, അഭിലാഷ് പുതുശേരിക്കടവ്, കെ. ഷെരീഫ് പടിഞ്ഞാറത്തറ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം.
അഖിലേന്ത്യ മേളയിൽ തമിഴ്നാട് സ്റ്റേറ്റ്, ഇന്ത്യൻ എയർ ഫോഴ്സ്, ഇൻകം ടാക്സ് ചെന്നൈ, കേരള യൂണിവേഴ്സിറ്റി, പ്രാദേശിക മേളയിൽ വാളാട് വോളി ക്ലബ്, പ്രസര പടിഞ്ഞാറത്തറ, ഗാല പടിഞ്ഞാറത്തറ, സിക്സേഴ്സ് വയനാട് ടീമുകൾ മാറ്റുരയ്ക്കും. ദിവസവും രാത്രി ഏഴ് മുതൽ രണ്ട് മത്സരങ്ങൾ ഉണ്ടാകും. ആദ്യദിനം പ്രാദേശിക വിഭാഗത്തിൽ ഗാല പടിഞ്ഞാറത്തറയും സിക്സേഴ്സ് വയനാടും ഏറ്റുമുട്ടും. അഖിലേന്ത്യ വിഭാഗത്തിൽ കേരള യൂണിവേഴ്സിറ്റി ഇന്ത്യൻ എയർഫോഴ്സിനെ നേരിടും.
ടിക്കറ്റ് മുഖേനയാണ് കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം. മേളയുടെ ഉദ്ഘാടനം മൂന്നിന് രാത്രി എട്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിക്കും. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അധ്യക്ഷത വഹിക്കും.
മേളയിൽ അഖിലേന്ത്യ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 31,000 രൂപയും ട്രോഫിയും സമ്മാനം നൽകും. 21,000 രൂപയും ട്രോഫിയുമാണ് രണ്ടാം സമ്മാനം. പ്രാദേശിക വിഭാഗത്തിൽ 10,000 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനം നേടുന്ന ടീമിന് 5,000 രൂപയും ട്രോഫിയും നൽകും.
മേളയിൽനിന്നുള്ള വരുമാനത്തിൽ ചെലവ് കഴിച്ചുള്ള തുക അവധിക്കാലത്ത് പ്രദേശത്തെ 10നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വോളിബോൾ, ഫുട്ബോൾ പരിശീലന ക്യാന്പ് സംഘടിപ്പിക്കുന്നതിന് വിനിയോഗിക്കും.