സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കണം: മന്ത്രി ഒ.ആർ. കേളു
1537900
Sunday, March 30, 2025 5:51 AM IST
കൽപ്പറ്റ: സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കണമെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. ലോകബാങ്ക് സഹായത്തോടെ കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയവും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും നടത്തുന്ന ആർഎഎംപി പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ സംഘടിപ്പിച്ച ടെക്നോളജി ക്ലിനിക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ കഴിഞ്ഞ മൂന്നു വർഷത്തിൽ 8,000ൽ അധികം സംരംഭങ്ങളും തൊഴിലവസരങ്ങളുമാണ് ഉണ്ടായത്. പദ്ധതികൾ കൃത്യമായി തയാറാക്കിയാൽ മൂലധനം നൽകാൻ ബാങ്കുകൾ തയാറാണ്. സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണ സംരംഭകർക്കുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. രമ അധ്യക്ഷത വഹിച്ചു. മാനേജർ ബി. ഗോപകുമാർ, അസിസ്റ്റന്റ് ഡയറക്ടർ അഖില സി. ഉദയൻ, ലീഡ് ബാങ്ക് ജില്ലാ മാനേജർ ടി.എം. മുരളീധരൻ, ഉപജില്ലാ വ്യവസായ ഓഫീസർ ആർ. അതുൽ, കഐസ്എസ്ഐഎ പ്രസിഡന്റ് പി.ഡി. സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.