മനുഷ്യനും പ്രകൃതിക്കും കൂടുതൽ ക്ഷതം എൽപ്പിക്കുന്നത് മാലിന്യം: ഫാ.ഡേവിഡ് ആലിങ്കൽ
1537901
Sunday, March 30, 2025 5:51 AM IST
സുൽത്താൻ ബത്തേരി: അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന മാലിന്യമാണ് മനുഷ്യനും പ്രകൃതിക്കും ഏറ്റവും കൂടുതൽ ക്ഷതം ഏൽപ്പിക്കുന്നതെന്ന് ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ. ശ്രേയസ് പൂതാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മീനങ്ങാടി സോപാനം സ്വാശ്രയ സംഘം നടത്തുന്ന ശുചീകരണ യത്നം(ഷീ ഹാൻഡ് പദ്ധതി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജൈവ, അജൈവ മാലിന്യം തരംതിരിച്ച് കൃത്യമായി ഫീസ് നൽകി ഹരിതകർമസേനയെ ഏൽപ്പിക്കുന്നതിൽ ഏവർക്കും ബാധ്യതയുണ്ട്. മാലിന്യ സംസ്കരണ സന്ദേശം സമൂഹത്തിന് നൽകാൻ ഷീ ഹാൻഡ് പദ്ധതിക്ക് കഴിയണമെന്നും ഫാ.ഡേവിഡ് ആലിങ്കൽ പറഞ്ഞു. രണ്ടുമാസം 100 വീടുകൾ, സ്ഥാപനങ്ങൾ ശുചീകരിക്കാനുള്ള ക്ലീനിംഗ് സാമഗ്രികൾ അദ്ദേഹം സ്വാശ്രയസംഘത്തിന് കൈമാറി.
ശ്രേയസ് കേന്ദ്ര ഓഫീസിൽ നടന്ന ചടങ്ങിൽ ലോക്കൽ മാനേജർ ഫാ.മാത്യു അറന്പാൻകുടി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം മാനേജർ കെ.വി. ഷാജി, പ്രോജക്ട് മാനേജർ കെ.പി. ഷാജി, ഫിനാൻസ് മാനേജർ സിന്ധു ഷാജി, പ്രോഗ്രാം ഓഫീസർ ജിലി ജോർജ്, പുൽപ്പള്ളി മേഖലാ പ്രോഗ്രാം ഓഫീസർ കെ.ഒ. ഷാൻസൻ, കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഓഫീസർ മേഴ്സി ദേവസ്യ,
ഷി ഹാൻഡ് ഗ്രൂപ്പ് ലീഡർ ഗംഗ എന്നിവർ പ്രസംഗിച്ചു. ഉദ്യമത്തിന് നേത്യത്വം നൽകിയ മേഴ്സി ദേവസ്യ, ഗംഗ എന്നിവരെ ആദരിച്ചു. ശ്രേയസ് പൂതാടി യൂണിറ്റ് ഭാരവാഹികൾ, കേന്ദ്ര ഓഫീസ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.