കടമുള്ള ദുരിതബാധിതരെ കൈവിടില്ല; റവന്യു മന്ത്രി
1537640
Saturday, March 29, 2025 5:53 AM IST
കൽപ്പറ്റ: പുഞ്ചരിമട്ടം ഉരുൾദുരന്ത ബാധിതർക്കുവേണ്ടി എൽസ്റ്റണ്‍ എസ്റ്റേറ്റിൽ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിൽ വീടുകളുടെ നിർമാണം ഈ വർഷം പൂർത്തിയാക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ. എൽസ്റ്റണ്‍ എസ്റ്റേറ്റിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൗണ്‍ഷിപ്പിന്റെ പൂർണ നിർമാണം 2025-26 സാന്പത്തികവർഷം പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം. ലോകത്തിന് മാതൃകയാക്കാവുന്ന ടൗണ്‍ഷിപ്പാണ് കൽപ്പറ്റയിൽ ഒരുക്കുന്നത്.
വിവിധ തലങ്ങളിൽ ഉൾപ്പെട്ട നാല് സമിതികളാണ് നിർമാണത്തിനു മേൽനോട്ടം വഹിക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും സ്പോണ്‍സർമാരും ഉൾപ്പെട്ട സമിതി, ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി, സ്പെഷൽ ഓഫീസർ എസ്. സുഹാസിന്റെ നേതൃത്വത്തിലുള്ള സമിതി, ജില്ലാ കളക്ടർ അധ്യക്ഷയായുള്ള സമിതി എന്നിവ പ്രവൃത്തികളുടെ മേൽനോട്ടവും അവലോകനവും നടത്തും.
ഭവന പദ്ധതി ഗുണഭോക്താക്കളുടെ പട്ടിക പല പട്ടികകളിൽ ഒന്നുമാത്രമാണ്. പരിക്കേറ്റവരിൽ തുടർചികിത്സ ആവശ്യമുള്ളവരുടെയും വിദ്യാർഥികളിൽ തുടർപഠനം വേണ്ടവരുടെയും ഉപജീവനവുമായി ബന്ധപ്പെട്ട മൈക്രോ പ്ലാനിൽ ഉൾപ്പെട്ടവരുടെയും കച്ചവടക്കാരുടെയും പട്ടികകൾ ഉണ്ട്.
ഭവനനിർമാണത്തിൽ മാത്രമായി പുനരധിവാസം ചുരുക്കാനല്ല സർക്കാർ തീരുമാനം. പുഞ്ചിരിമട്ടത്ത് പൊട്ടിയ ഉരുളിനെക്കാൾ ഉയരത്തിൽ ആളുകളുടെ പുഞ്ചിരി ഉയരണം. ദുരന്തബാധിതരിൽ കടമുള്ളവരെ സംസ്ഥാന സർക്കാർ കൈവിടില്ല. കോടതി നടപടികൾ പദ്ധതിക്ക് വിഘാതമാകുമെന്ന് ആരും കരുതേണ്ട. ദുരിതബാധിതരെ പൂർണമായും സഹായിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.