വീർ ജവാൻ തലച്ചിറ ജനീഷ് സ്മൃതി മണ്ഡപം നാടിനു സമർപ്പിച്ചു
1537630
Saturday, March 29, 2025 5:49 AM IST
മാനന്തവാടി: എടവക പഞ്ചായത്തിലെ എള്ളുമന്ദത്ത് നിർമിച്ച വീർ ജവാൻ തലച്ചിറ ജനീഷ് സ്മൃതി മണ്ഡപം പ്രിയങ്ക ഗാന്ധി എംപി ഉദ്ഘാടനം ചെയ്തു. വീര ജവാൻ ജനീഷിന്റെ ധീരതയ്ക്കു മുന്പിൽ നമിക്കുന്നതായി എംപി പറഞ്ഞു. 20-ാം വയസിൽ സൈനികനായ ജനീഷ് 2003ലാണ് കാഷ്മീരിലെ രജൗറിയിൽ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. മരണാനന്തരം 2004ൽ സേന മെഡൽ നൽകി.
ഇപ്പോൾ 22 വർഷം കഴിഞ്ഞു. ഇത്രയും വർഷങ്ങൾക്കിപ്പുറം സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ ജനീഷിന്റെ മാതാവിന്റെ കണ്ണ് നിറയുന്നത് കാണാനായി. അമ്മയെന്ന നിലയിലും രക്തസാക്ഷിയുടെ മകളെന്ന നിലയിലും ആ അമ്മയുടെ വേദന തനിക്ക് മനസിലാകും.
രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച മകന് സ്മാരകം പണിയണമെന്ന പിതാവിന്റെ ആഗ്രഹം പ്രാവർത്തികമാക്കിയ എടവക പഞ്ചായത്തിന്റെ നടപടിയും സ്മാരക നിർമാണത്തിന് കുഞ്ഞിരാമൻ നായർ മെമ്മോറിയൽ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥലം അനുവദിച്ചതും ശ്ലാഘനീയമാണ്.
കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവർത്തനം രാജ്യത്തിന് മാതൃകയാണ്. കരുത്തുറ്റ പഞ്ചായത്ത് സംവിധാനമെന്നത് മഹാത്മജിയുടെ സ്വപ്നമായിരുന്നു. രാജീവ്ഗാന്ധി പഞ്ചായത്തീരാജ് നിയമം നടപ്പിലാക്കിയതോടെ ആ സ്വപ്നം സഫലമായതായും പ്രിയങ്ക പറഞ്ഞു.
ജനീഷിന്റെ മാതാവ് മേരി സെബാസ്റ്റ്യനെയും കുഞ്ഞിരാമൻ നായർ മെമ്മോറിയൽ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ സി.കെ. അനന്തരാം, സി.കെ. ശാന്തി, പി. പ്രദീപ്കുമാർ, സി.കെ. വിബിൻ എന്നിവരെയും എംപി ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദുകുട്ടി ബ്രാൻ അധ്യക്ഷത വഹിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, എച്ച്.ബി. പ്രദീപ്, ഗിരിജ സുധാകരൻ, വിനോദ് തോട്ടത്തിൽ, ജെൻസി ബിനോയി, ഷിഹാബ് ആയത്ത്, എൻ. അനിൽകുമാർ, കെ.വി. ബിജോൾ തുടങ്ങിയവർ പങ്കെടുത്തു.