കൽപ്പറ്റ നഗരസഭയ്ക്ക് 88.8 കോടിയുടെ ബജറ്റ്
1537627
Saturday, March 29, 2025 5:49 AM IST
കൽപ്പറ്റ: നഗരസഭയ്ക്ക് 92.14 കോടി രൂപ വരവും 88.8 കോടി രൂപ ചെലവും കണക്കാക്കുന്ന ബജറ്റ്. നഗരസഭാ കൗണ്‍സിൽ യോഗത്തിൽ വൈസ് ചെയർപേഴ്സണ്‍ സരോജിനി ഓടന്പത്താണ് ബജറ്റ് അവതരിപ്പിച്ചത്. കുടിവെള്ളം വിതരണം, മാലിന്യ സംസ്കരണം, ഭവന നിർമാണം, ടൂറിസം മേഖലകൾക്ക് പ്രാധാന്യം നൽകുന്നതാണ് ബജറ്റ് നിർദേശങ്ങൾ.
നഗരസഭയിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്ന ജീവാമൃതം രണ്ടാംഘട്ടം പദ്ധതിക്ക് 19.11 കോടി രൂപ ബജറ്റ് നീക്കിവച്ചിട്ടുണ്ട്.
നഗരത്തിൽ വരുന്ന സഞ്ചാരികൾക്ക് വിശ്രമിക്കാനും ആനന്ദത്തിനും ബൈപാസിൽ നഗരസഭയുടെ കൈവശമുള്ള ഭൂമിയിൽ റോക്ക് ഗാർഡൻ എന്ന പേരിൽ ഉദ്യാനം നിർമിക്കാൻ 1.5 കോടി രൂപ വകയിരുത്തി.
പഴയ ഗവ.ആശുപത്രി നിലനിന്നിരുന്ന സ്ഥലത്ത് 23 കോടി രൂപ ചെലവിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ് സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ നിർമിക്കുമെന്നും പുളിയാർമലയിൽ ആരംഭിച്ച് മുണ്ടേരി, എൻഎംഎസ്എം ഗവ.കോളജ് വഴി വെള്ളാരംകുന്നിലേക്ക് ലിങ്ക് റോഡ് പണിയുന്നതിന് സർക്കാർ സഹായത്തോടെ 12 കോടി രൂപ ചെലവഴിക്കുമെന്നും ബജറ്റിൽ പറയുന്നു. കൈനാട്ടി ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്കിന്റെ നിർമാണം പൂർത്തിയാക്കുന്നതിന് 10 ലക്ഷം രൂപ മാറ്റിവച്ചു.
വെള്ളാരംകുന്നിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ബയോമൈനിംഗ് പദ്ധതിക്ക് 2.10 കോടി രൂപ വകയിരുത്തി. ടൗണ്‍ നവീകരണം രണ്ടാംഘട്ടം- രണ്ട് കോടി രൂപ, ഇലക്ട്രിക് ഫെൻസിംഗ്-25 ലക്ഷം, ഗാർബേജ് ഫ്രീ സിറ്റി, വാട്ടർ പ്ലസ് അംഗീകാരം-10 ലക്ഷം, ആധുനിക അറവുശാല-രണ്ടു കോടി രൂപ... എന്നിങ്ങനെ ബജറ്റിൽ തുക നീക്കിവച്ചിട്ടുണ്ട്.
ചെയർമാൻ ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുജീബ് കേയെംതൊടി, ആയിഷ പള്ളിയാലിൽ, എ.പി. മുസ്തഫ, രാജാറാണി, സി.കെ. ശിവരാമൻ, ഡി. രാജൻ, ഷമീർ ബാബു, വിനോദ്കുമാർ, ഷിബു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.