ഉയിർപ്പ് പദ്ധതി ഉദ്ഘാടനം ഇന്ന്
1537636
Saturday, March 29, 2025 5:49 AM IST
കൽപ്പറ്റ: ചൂരൽമലയും മുണ്ടക്കൈയും ഉൾപ്പെടെ ദുരന്തബാധിത പ്രദേശങ്ങളിലെ 134 വിദ്യാർഥികളുടെ 2028 വരെയുള്ള പൂർണ പഠനച്ചെലവ് ഉയിർപ്പ് വിദ്യാഭ്യാസ പുതുജീവന പദ്ധതിയിലൂടെ മലബാർ ചാരിറ്റബിൾ ട്രസ്റ്റ് വഹിക്കും. ടി. സിദ്ദിഖ് എംഎൽഎ കെയറിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്പാർക്ക് പദ്ധതി, തണൽ ചാരിറ്റബിൾ ട്രസ്റ്റ്, സോഷ്യൽ എൻജിനിയറിംഗ് കൂട്ടായ്മ വീ കാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സ് എന്നിവയുടെ സഹകരണത്തോടെ ആവിഷ്കരിച്ചതാണ് പദ്ധതി.
ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് എമിലി ഡെസ്റ്റിനി ലോഞ്ച് കണ്വൻഷൻ സെന്ററിൽ പ്രിയങ്ക ഗാന്ധി എംപി നിർവഹിക്കുമെന്ന് ടി. സിദ്ദിഖ് എംഎൽഎ, മലബാർ ഗോൾഡ് കൽപ്പറ്റ ഷോറൂം മേധാവി എം.പി. അബൂബക്കർ, എംഎൽഎ കെയർ കോ ഓർഡിനേറ്റർമാരായ പ്രഫ.പി. കബീർ, കെ.ആർ. ബിനേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മലബാർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.പി. മുഹമ്മദ്, മുൻ എംപി എം.വി. ശ്രേയാംസ്കുമാർ, യേനേപ്പോയ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എം. വിജയകുമാർ, നൂർ-ഉൽ ഇസ്ലാം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ടെസി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ദുരന്തബാധിത മേഖലയിലെ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് 1.89 കോടി രൂപയാണ് മലബാർ ചാരിറ്റബിൾ ട്രസ്റ്റ് വിനിയോഗിക്കുക. സെമസ്റ്റർ, കോഴ്സ്, എക്സാം, ഹോസ്റ്റൽ ഫീസുകൾ, ഇന്േറണ്ഷിപ്പ്, പ്രോജക്ട് ട്രെയിനിംഗ്, പഠനോപകരണങ്ങൾ, ഭക്ഷണം, യാത്രക്കൂലി, യൂണിഫോം, പോക്കറ്റ് മണി ഉൾപ്പെടെയാണ് ഈ തുക. പദ്ധതിയിൽ നടപ്പ് അധ്യയന വർഷം 75.91 ഉം 2025-26ൽ 64.91 ഉം 2026-27ൽ 32.93 ഉം 2027-28ൽ 17.11 ഉം ലക്ഷം രൂപയാണ് വകയിരുത്തിയത്.