പുൽപ്പള്ളി പഞ്ചായത്ത് ബജറ്റിൽ കാർഷിക മേഖലയ്ക്കു ഉൗന്നൽ
1537628
Saturday, March 29, 2025 5:49 AM IST
പുൽപ്പള്ളി: പഞ്ചായത്ത് ബജറ്റിൽ കാർഷിക, മൃഗസംരക്ഷണ മേഖലകൾക്ക് ഉൗന്നൽ. പാൽ സബ്സിഡിക്ക് 45 ഉം കാലിത്തീറ്റ വിതരണത്തിന് 42 ഉം വെറ്ററിനറി ആശുപത്രിയിൽ മരുന്നിന് 25 ഉം ലക്ഷം രൂപ ഉൾപ്പടെ ക്ഷീരമേഖലയിൽ 1.45 കോടി രൂപ വകയിരുത്തി. കാർഷിക മേഖലയിൽ തൊഴിലുറപ്പ് പദ്ധതിയിൽ കനാൽ നിർമാണം-പുനരുദ്ധാരണം, ഡ്രൈനേജ് നിർമാണം, തോടുകളുടെ പാർശ്വഭിത്തി നിർമാണം എന്നിവയ്ക്ക് അഞ്ച് കോടി രൂപ നീക്കിവച്ചു.
രാസവള വിതരണത്തിന് 50 ഉം നെൽക്കൃഷി പ്രോൽസാഹനത്തിന് 77.5 ഉം ലക്ഷം രൂപ വകയിരുത്തി. മരകാവ് പീതാൾ അടിസ്ഥാന സൗകര്യ വികസനത്തിന് പത്ത് ലക്ഷവും പച്ചക്കറി കൃഷിക്ക് അഞ്ച ലക്ഷവും രൂപ നീക്കിവച്ചു.52.48 കോടി രൂപ വരവും 52.18 കോടി രൂപ ചെലവും കണക്കാക്കുന്നതാണ് വൈസ് പ്രസിഡന്റ് ശോഭന സുകു അവതരിപ്പിച്ച ബജറ്റ്.
പട്ടികവർഗക്കാർക്ക് സഹായം-15 ലക്ഷം, വനിതാസംഗമം-അഞ്ച് ലക്ഷം, ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്-26 ലക്ഷം, വയോജനസംഗമം-നാല് ലക്ഷം, കരുതാം കൗമാരം-രണ്ട് ലക്ഷം, ശ്മശാന നിർമാണം-ഒരു കോടി, പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമാണം പൂർത്തിയാക്കൽ-70 ലക്ഷം, ഭവന പുനരുദ്ധാരണം-ഒരു കോടി, ഭവന നിർമാണം-നാലു കോടി, കുടിവെള്ള പദ്ധതി-60 ലക്ഷം,
റോഡ് നിർമാണം-ഒരു കോടി, പാക്കം പിഎച്ച്സി കെട്ടിടം-2.5 കോടി... ഇങ്ങനെ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജോളി നരിതൂക്കിൽ, ശ്രീദേവി മുല്ലക്കൽ, എം.ടി. കരുണാകരൻ, അനിൽ സി. കുമാർ, മണി പാന്പനാൽ, ബാബു കണ്ടത്തിൽൻകര എന്നിവർ പ്രസംഗിച്ചു.