തവിഞ്ഞാൽ പഞ്ചായത്ത് നടപ്പാക്കുന്നത് മാതൃകാപരമായ പദ്ധതികൾ: പ്രിയങ്ക ഗാന്ധി
1537629
Saturday, March 29, 2025 5:49 AM IST
തലപ്പുഴ: തവിഞ്ഞാൽ പഞ്ചായത്ത് നടപ്പാക്കുന്നത് മാതൃകാപരമായ പദ്ധതികളാണെന്ന് പ്രിയങ്ക ഗാന്ധി എംപി. പഞ്ചായത്ത് പ്രാവർത്തികമാക്കുന്ന വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അവർ.
തവിഞ്ഞാൽ ടൂറിസത്തിന് സാധ്യതയുള്ള പ്രദേശമാണ്. അതുകൊണ്ടുതന്നെ ടേക്ക് എ ബ്രേക്ക് സെന്റർ, റെസ്റ്റ് ആൻഡ് റിക്രിയേഷൻ സെന്റർ എന്നീ പദ്ധതികൾ സഞ്ചാരികൾക്ക് ഗുണകരമാവും. കുടുംബശ്രീ ഉൾപ്പെടെ സംവിധാനങ്ങളെ ഏകോപിപ്പിച്ചു പദ്ധതികൾ നടപ്പാക്കുന്നത് ശ്രദ്ധേയമാണ്.
വിദ്യാഭ്യാസ പുരോഗതിക്കും വനിതാവികസനത്തിനും ടൂറിസം മേഖലയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും കാർഷിക-ക്ഷീര മേഖലകൾക്കും മുൻഗണന നൽകുന്ന പദ്ധതികൾ കർഷകർക്കും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഗുണകരമാണ്. ഇൻട്രാക്റ്റീവ് പാനൽ പോലുള്ള പുതിയ പദ്ധതികൾ വിദ്യാഭ്യാസ ഗുണനിലവാരം വർധിക്കാൻ സഹായിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, എം.ജി. ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പാറക്കൽ,
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ലിജി തോമസ്, സ്വപ്ന പ്രിൻസ്, കമറുന്നീസ കോന്പി, മീനാക്ഷി രാമൻ, അസീസ് വാളാട്, കെ. ഷബിത, ടി.കെ. അയ്യപ്പൻ, ജോസ് കൈനിക്കുന്നേൽ, സെക്രട്ടറി സി. സുധീർ തുടങ്ങിയവർ പങ്കെടുത്തു.