"പട്ടികവർഗ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ പകരക്കാരെ നിയോഗിക്കുന്നത് അവസാനിപ്പിക്കണം’
1537335
Friday, March 28, 2025 5:53 AM IST
കൽപ്പറ്റ: പട്ടികവർഗ വിദ്യാർഥികൾക്ക് എസ്എസ്എൽസി, പ്ലസ് വണ് പരീക്ഷകൾ എഴുതാൻ പകരക്കാരെ(സ്ക്രൈബ്)നിയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓർഡിനേറ്റർ എം. ഗീതാനന്ദൻ, ആദിശക്തി സമ്മർ സ്കൂൾ പ്രവർത്തകരായ എസ്.കെ. അനീസിയ, പ്രകൃതി, കെ.ആർ. രേഷ്മ, കെ.സി. ശിവൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇതേ ആവശ്യം ഉന്നയിച്ച് ഏപ്രിൽ 10ന് രാവിലെ 11ന് ജില്ലാ വിദ്യാഭ്യാസ ഓഫീസ് പടിക്കൽ സത്യഗ്രഹം നടത്തുമെന്ന് അവർ അറിയിച്ചു. ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നതായി വ്യാജ സർട്ടിഫിക്കറ്റ് സന്പാദിച്ചാണ് പട്ടികവർഗ കുട്ടികളെ പകരക്കാരെ വച്ച് പരീക്ഷകൾ എഴുതിക്കുന്നത്. നൂറു ശതമാനം വിജയവും തസ്തികകൾ നിലനിർത്തലുമാണ് ഇതുവഴി വിദ്യാലയ അധികൃതർ ലക്ഷ്യമിടുന്നത്.
ഈ വർഷം പകരക്കാരെ വച്ച് എസ്എസ്എൽസി എഴുതിച്ചതിൽ യഥാർഥ ശാരീരിക-മാനസിക വെല്ലുവിളി നേരിടാത്ത പട്ടികവർഗ വിദ്യാർഥികളുടെ ഫലം റദ്ദാക്കണം. ഇവർക്ക് ആവശ്യമായ ക്ലാസ് നൽകി പുനഃപരീക്ഷയ്ക്ക് സർക്കാർ തയാറാകണം. എട്ടാം ക്ലാസ് പരീക്ഷയ്ക്ക് 30 ശതമാനം മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് സേ പരീക്ഷ നടത്തുന്നതിനു മുന്പ് പട്ടികവർഗത്തിൽപ്പെട്ടവർക്കായി പ്രത്യേക ക്യാന്പ് സംഘടിപ്പിക്കണം.
പട്ടികവർഗ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സർക്കാർ ദീർഘകാല പദ്ധതികൾ നടപ്പാക്കണം. ഇക്കാര്യത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും പട്ടികവർഗ കമ്മീഷനും നിവേദനം നൽകുമെന്നു ഗീതാനന്ദനും മറ്റും പറഞ്ഞു.