ടൗണ്‍ഷിപ്പ് നിർമാണം : സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾക്ക് മുസ്ലിം ലീഗ് പൂർണ പിന്തുണ നൽകും: പി.കെ. കുഞ്ഞാലിക്കുട്ടി
1537332
Friday, March 28, 2025 5:53 AM IST
കൽപ്പറ്റ: വ്യാപകമായ രീതിയിലുള്ള പുനരധിവാസം സർക്കാർ സംവിധാനങ്ങൾക്കാണ് സാധ്യമാവുക എന്നതിനാൽ തന്നെ സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾക്ക് മുസ്ലിം ലീഗ് പൂർണ പിന്തുണ നൽകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി.
ടൗണ്‍ഷിപ് തറക്കല്ലിടൽ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉരുൾ ദുരന്തം ഉണ്ടായ നിമിഷം മുതൽ എല്ലാവരും ദുരന്തമുഖത്ത് ഒന്നിച്ചായിരുന്നു. കക്ഷി രാഷ്ട്രീയ മത ജാതി വ്യത്യാസങ്ങളൊന്നുമില്ലാതെ സഹകരിച്ചാണ് ഈ നിമിഷം വരെ നമ്മൾ വയനാടിന്റെ നോവുകൾ മായ്ക്കാൻ അധ്വാനിച്ചത്.
ഓരോരുത്തരും തങ്ങളാലാവുന്നതെല്ലാം ചെയ്തുപോന്നു. അതോടൊപ്പം തന്നെ പോരായ്മകളുണ്ടായിടത്ത് അത് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി മുസ്ലിം ലീഗ് വിവിധ മേഖലകൾ കേന്ദ്രീകരിച്ച് സേവനപ്രവർത്തനങ്ങൾ ഉറപ്പാക്കുകയും ചെയ്തുവരുന്നുണ്ട്.
ദുരിതബാധിതർക്ക് കിട്ടേണ്ടത് മുഴുവൻ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് പാർട്ടി. സർക്കാരിന്റെ ടൗണ്‍ഷിപ്പ് പദ്ധതി നല്ലനിലയ്ക്ക് പൂർത്തിയാകട്ടേ എന്നാണ് ആഗ്രഹിക്കുന്നത്. അതോടൊപ്പം മുസ്ലിം ലീഗ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള നൂറു വീടുകളുടെ തറക്കല്ലിടൽ കർമം ഏപ്രിൽ ഒന്‍പതിന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. മുഴുവൻ ദുരിതബാധിതർക്കും അർഹമായതെല്ലാം ലഭ്യമാകുന്നുണ്ടെന്ന് മുസ്ലിം ലീഗ് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ടൗണ്‍ഷിപ്പ് പൂർത്തീകരണത്തിന് സഹകരണമുണ്ടാവണം: മന്ത്രി ഒ.ആർ. കേളു
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല അതിജീവിതർക്കായി കൽപ്പറ്റയിൽ തയാറാക്കുന്ന ടൗണ്‍ഷിപ്പ് പൂർത്തീകരണത്തിന് എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു. ദുരന്തദിനത്തെ ഓർമകൾ തീരാനോവാണ്. അതിജീവിതത്തിനായി തുടക്കം മുതൽ അവസാനം വരെ ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനങ്ങൾക്ക് ഏല്ലാവരോടും നന്ദി അറിയിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ടൗണ്‍ഷിപ്പ് സർക്കാർ നിശ്ചയദാർഢ്യത്തിന്റെ മാതൃക: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
കൽപ്പറ്റ: എട്ട് മാസങ്ങൾക്കകം ദുരന്ത അതിജീവിതർക്കായി തുടക്കമാവുന്ന ടൗണ്‍ഷിപ്പ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ മാതൃകയാണെന്ന് രജിസ്ട്രേഷൻ-പുരാവസ്തു-മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ദുരന്തത്തിൽ തകർന്ന പ്രദേശം പുനർ നിർമിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ജില്ല നൽകുന്നത് ഐക്യത്തിന്റെ സന്ദേശം: മന്ത്രി മുഹമ്മദ് റിയാസ്
കൽപ്പറ്റ: വയനാട് ഐക്യത്തിന്റെ സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജൂലൈ 30ന് പുഞ്ചിരിമട്ടത്തുണ്ടായ ഉരുൾ ദുരന്തത്തിൽ സേനാംഗങ്ങൾ എത്തും മുൻപേ വേദനകൾ കടിച്ചമർത്തി രക്ഷാപ്രവർത്തനം നടത്തിയ മനുഷ്യരെ ഓർക്കേണ്ടത് അനിവാര്യമാണ്. ടൗണ്‍ഷിപ്പിന്റെ സമയബന്ധിതമായ പൂർത്തീകരണത്തിന് ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ദുരന്തത്തെ അതിജീവിച്ചവർക്കായി പ്രവർത്തിക്കണം: ടി. സിദ്ദിഖ് എംഎൽഎ
കൽപ്പറ്റ: ദുരന്തത്തെ അതിജീവിച്ചവരെ ചേർത്തുനിർത്തി അവർക്കായി പ്രവർത്തിക്കണമെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രം നാല് മാസം എടുത്തു. കേന്ദ്ര സഹായം ഉപാധികളോടെയാണ് നൽകിയത്. ദുരന്തബാധിതരോടുള്ള ഈ അവഗണന അംഗീകരിക്കാനാവില്ല. ഒറ്റക്കെട്ടായി പ്രവർത്തിച്ച് പുനരധിവാസം സാധ്യമാക്കണം. ഇതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.