കെയു വയനാടിനു നാടകമാണ് ഉലകം
1537327
Friday, March 28, 2025 5:53 AM IST
സുൽത്താൻ ബത്തേരി: കെയു വയനാട് എന്നറിയപ്പെടുന്ന മൂലങ്കാവ് കടന്പക്കാട്ട് കുര്യാക്കോസിന്റെ കലാജീവിതം ആറ് പതിറ്റാണ്ട് പിന്നിടുന്നു.
നാടക രചയിതാവ്, സംവിധായകൻ, അഭിനേതാവ്, കവി, ഹ്രസ്വചിത്ര സംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിച്ച കുര്യാക്കോസ് 71-ാം വയസിലും തുടരുകയാണ് കലാസപര്യ. ഇതിനകം 37 നാടകങ്ങൾ എഴുതിയ കുര്യാക്കോസ് 64 നാടകങ്ങൾ സംവിധാനം ചെയ്തു. 40 ഓളം നാടകങ്ങളിൽ വേഷം ചെയ്തു. 11 ഹ്രസ്വ ചിത്രങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചു. 60 കവിതകൾ എഴുതി.
ബത്തേരി സർവജന സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്പോഴാണ് കുര്യാക്കോസ് ആദ്യ നാടകം എഴുതിയത്. ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രചന. വിദ്യാലയത്തിൽ അരങ്ങേറ്റിയ നാടത്തിലെ മൂന്നു കാഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിച്ചത് കുര്യാക്കോസാണ്.
അക്കൊല്ലം സ്കൂൾ വാർഷികത്തിന് നാടകത്തിൽ അഭിനയിക്കുന്നതിന് ചിത്രകലാധ്യാപകൻ ഗോവിന്ദൻ തെരഞ്ഞെടുത്ത വിദ്യാർഥികളിൽ ഒരാൾ കുര്യാക്കോസായിരുന്നു. വിദ്യാർഥിയായിരിക്കേ മൂലങ്കാവ് വസന്ത് ആർട്സിലൂടെയാണ് കുര്യാക്കോസ് തന്റെ കഴിവുകളെ തേച്ചുമിനുക്കിയത്.
പള്ളികളിലും അന്പലങ്ങളിലും നാടകം അവതരിപ്പിച്ചായി പിന്നീടുള്ള യാത്ര. സമൂഹത്തിന് നൻമയുടെ സന്ദേശങ്ങൾ നൽകുന്നതായിരുന്നു നാടകങ്ങൾ. പിന്നീട് വയനാട് കലാഭവനിലൂടെയും പഴശി തിയറ്റേഴ്സിലൂടെയും നിരവധി വേദികളിൽ എത്തി.
1973-74 കാലത്ത് രണ്ടുവർഷം യൂണിവേഴ്സിറ്റി തലത്തിൽ കുര്യാക്കോസ് ബെസ്റ്റ് ആക്ടറായി. ജി. ശങ്കരപിള്ള, എൻ.എൻ.പിള്ള എന്നിവർ രചിച്ച നാടകങ്ങളിലെ അഭിനയമാണ് പുരസ്കാരം നേടിക്കൊടുത്തത്. കോളജ് പഠനം കഴിഞ്ഞതോടെ കുര്യാക്കോസ് പൂർണമായും നാടക പ്രവർത്തനത്തിലേക്ക് മാറി. ഷോർട്ട് ഫിലിം സംവിധായകൻ എന്ന നിലയിലും അദ്ദേഹത്തിന് തിളങ്ങാനായി.