പുൽപ്പള്ളി പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരം: പ്രിയങ്ക ഗാന്ധി
1537291
Friday, March 28, 2025 4:55 AM IST
പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് അഭിമാനാർഹമായ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് പ്രിയങ്കാഗാന്ധി എംപി. ലൈഫ് ഭവനപദ്ധതിയിൽ അഞ്ഞൂറിലേറെ വീടുകൾ, മൊബൈൽ വെറ്ററിനറി യൂണിറ്റ്, പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള കെട്ടിടം, തൊഴിലുറപ്പ് പദ്ധതിയിൽ പതിനാലര കോടി രൂപ ചെലവഴിക്കാനായത് ഉൾപ്പെടെ നിരവധിയായ പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് നടപ്പാക്കിയതെന്നും എംപി പറഞ്ഞു. പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രിയങ്ക.
മൂന്നരവർഷത്തെ കഠിനപ്രയത്നമാണ് ഈ കെട്ടിടത്തിന് പിന്നിലുള്ളത്. ഒരു കെട്ടിടത്തിൽ തന്നെ വിവിധ വകുപ്പുകളുടെ ഓഫീസുകളടക്കം എല്ലാവിധ സൗകര്യങ്ങളും എളുപ്പത്തിൽ ലഭിക്കുന്ന സാഹചര്യമാണുള്ളതെന്നും എംപി പറഞ്ഞു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ടി. സിദ്ദിഖ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, വൈസ് പ്രസിഡന്റ് ശോഭനസുകു, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ടി. കരുണാകരൻ, ശ്രീദേവി മുല്ലക്കൽ, ജോളി നരിതൂക്കിൽ, ജോമറ്റ് സെബാസ്റ്റ്യൻ, മണി പാന്പനാൽ തുടങ്ങിയവർ പ്രസംഗിച്ചു.