"മുന്നൊരുക്കം' പദ്ധതി തുടങ്ങി
1536874
Thursday, March 27, 2025 5:41 AM IST
കൽപ്പറ്റ: പൊഴുതന, മേപ്പാടി പഞ്ചായത്തുകളിൽ "മുന്നൊരുക്കം' പദ്ധതി തുടങ്ങി. നബാർഡിന്റെ ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും വയനാട് സയൻസ് സെന്ററും പഞ്ചായത്തുകളും സംയുക്തമായാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.
സുഗന്ധഗിരി, മേൽമുറി, ചെന്പ്ര പ്രദേശങ്ങളിലാണ് പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ. ജനപങ്കാളിത്തത്തോടെ പ്രാദേശികമായി കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുക, ദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ ജനങ്ങളെ പ്രാപ്തരാക്കുക, പ്രാദേശിക സർക്കാരുകളുമായി ചേർന്ന് ദുരന്ത പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനു സംവിധാനങ്ങൾ ഒരുക്കുക എന്നിവ പദ്ധതി ലക്ഷ്യമാണ്.
പൊഴുതന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി മുഖ്യപ്രഭാഷണവും ഹ്യൂം സെന്റർ ഡയറക്ടർ സി.കെ. വിഷ്ണുദാസ് പദ്ധതി വിശദീകരണവും നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം എൻ.സി. പ്രസാദ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ബാബു, ചെന്പ്ര എസ്റ്റേറ്റ് ജനറൽ മാനേജർ ശ്രീനിവാസൻ, റിട്ട.ഐഎഎസ് ഓഫീസർ ജി. ബാലഗോപാൽ, നബാർഡ് ഉദ്യോഗസ്ഥരായ ആനന്ദ്, വി. രാകേഷ് എന്നിവർ പ്രസംഗിച്ചു. സ്റ്റർക്ക് ചെയർമാൻ പ്രഫ.കെ. ബാലഗോപാലൻ സ്വാഗതവും ഹ്യൂം സെന്റർ സോഷ്യൽ സയന്റിസ്റ്റ് ഡോ.ടി.ആർ. സുമ നന്ദിയും പറഞ്ഞു.