ഗാന്ധിയൻ മൂല്യങ്ങളും ലഹരി വിരുദ്ധ ആശയങ്ങളും സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്ന്
1536873
Thursday, March 27, 2025 5:41 AM IST
കൽപ്പറ്റ: ലഹരിയും മദ്യവും മയക്കുമരുന്നുകളും മനുഷ്യ ശരീരത്തെയും മനസിനെയും കാർന്നു തിന്നുന്ന മഹാവിപത്തായി മാറിയിരിക്കുന്ന ഇന്നത്തെ പ്രത്യേക കാലഘട്ടത്തിൽ ലഹരി വിരുദ്ധ ആശയങ്ങളും ഗാന്ധിയൻ മൂല്യങ്ങളും സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഗാന്ധിജി കൾച്ചറൽ സെന്റർ വയനാട് ജില്ലാ കമ്മിറ്റി ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
ലഹരി ഉപയോഗവും വ്യാപനവും തടയുവാൻ സർക്കാർ കൂടുതൽ കാര്യക്ഷമമായി ഇടപെടണം. സമൂഹം ഗാന്ധിജിയിൽ നിന്ന് അകന്നു പോയതാണ് ഇന്ന് നാം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് കാരണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ മഹത്തായ ആശയങ്ങളും ചിന്തകളും ഇളം തലമുറയ്ക്ക് പകർന്നു നൽകുവാൻ കഴിയൂ എന്ന യാഥാർത്ഥ്യം ബന്ധപ്പെട്ടവർ തിരിച്ചറിയണം. അതിനനുസരിച്ച് ആവശ്യമായ വിദ്യാഭ്യാസ നയത്തിന് രൂപം കൊടുക്കാൻ വിദ്യാഭ്യാസ അധികൃതർ തയാറാകണം. അതിനാൽ ആശയപ്രചാരണത്തിനുള്ള പ്രധാന വേദിയായി വിദ്യാഭ്യാസത്തെ മാറ്റിയെടുക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഗവണ്മെന്റ് തുടക്കംകുറിച്ചിരിക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളോട് ചേർന്ന് പ്രവർത്തിക്കുവാൻ ഗാന്ധിജി കൾച്ചറൽ സെന്റർ തയാറാണെന്ന് ബന്ധപ്പെട്ട അധികൃതരെ അറിയിക്കും. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു.
ചെയർമാൻ കെ.എ. ആന്റണി അധ്യക്ഷത വഹിച്ചു. സെന്റർ ഡയറക്ടർ പ്രിൻസ് ഏബ്രഹാം വിഷയാവതരണം നടത്തി. ജനറൽ സെക്രട്ടറി വി.എ. അഗസ്റ്റിൻ, വി.സി. ഏബ്രഹാം, ജോണ് ചക്കാലക്കുടിയിൽ, പി. പ്രഭാകരൻ, കെ.എം. ജോർജ്, ജോസ് പുന്നക്കുഴി, സജി ജോസഫ്, ഡോക്ടർ തരകൻ, സി.ടി. ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.