കടം എഴുതിത്തള്ളില്ലെന്ന കേന്ദ്ര നിലപാട് ഉരുൾ ദുരന്തബാധിതരെ നിരാശയിലാക്കി
1536871
Thursday, March 27, 2025 5:41 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതർക്ക് ധനകാര്യ സ്ഥാപനങ്ങളിലുള്ള കടം എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധം ശക്തം. വായ്പകൾ പുനഃക്രമീകരിക്കാമെന്നും ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കാമെന്നുമാണ് കേന്ദ്ര സർക്കാർ ഇന്നലെ ഹൈക്കോടതിയിൽ അറിയിച്ചത്. ദുരന്ത മേഖലയിൽ 779 കുടുംബങ്ങളിലായി 1,207 പേർക്ക് 30.62 കോടി രൂപയാണ് കടം. ദേശസാത്കൃത ബാങ്കുകളിൽനിന്നു എടുത്തതാണ് വായ്പകളിൽ അധികവും.
വായ്പകൾ പുനഃക്രമീകരിക്കുന്നതും മൊറട്ടോറിയം പ്രഖ്യാപിക്കുന്നതും ഗുണം ചെയ്യില്ലെന്ന് ചൂരൽമല ജനശബ്ദം ആക്ഷൻ കമ്മിറ്റി കണ്വീനർ ഷാജിമോൻ ചൂരൽമല പറഞ്ഞു. വായ്പകളിൽ അടവ് കഴിച്ചുള്ളത് പുതിയ വായ്പയായി കണക്കാക്കുന്നതാണ് പുനഃക്രമീകരണം. മൊറട്ടോറിയം കാലയളവിൽ പലിശ ഇളവ് ഉണ്ടാകില്ല.
വായ്പകൾ എഴുതിത്തള്ളണമെന്ന ആവശ്യവുമായി ദുരന്തബാധിതരുടെ കൂട്ടായ്മകൾ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരെ നേരിൽക്കണ്ടിരുന്നു. കേന്ദ്ര സർക്കാർ കടങ്ങൾ എഴുതിത്തള്ളാനിടയില്ലെന്ന സൂചനയാണ് ഉദ്യോഗസ്ഥർ കൂട്ടായ്മ ഭാരവാഹികൾക്ക് നൽകിയത്. കടങ്ങൾ ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ തയാറാകുമെന്നായിരുന്നു ദുരന്തബാധിതരുടെ പ്രതീക്ഷ.
ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ അത് അസ്ഥാനത്തായി. പൊതുജനം നൽകിയ കോടിക്കണക്കിനു രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുണ്ട്. കേന്ദ്ര സർക്കാർ മുഖം തിരിക്കുന്ന സാഹചര്യത്തിൽ കടങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന ആവശ്യം ദുരന്തബാധിതരിൽനിന്നു ഉയരുന്നുണ്ട്.