വയനാട് വ്യാപാരോത്സവം: അക്വാ ടണൽ എക്സ്പോ നാളെ മുതൽ
1536869
Thursday, March 27, 2025 5:37 AM IST
കൽപ്പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും ഡിടിപിസിയും സംയുക്തമായി നടത്തുന്ന വയനാട് വ്യാപാരോത്സവത്തിന്റെ ഭാഗമായി ബൈപാസിലെ ഫ്ളവർഷോ ഗ്രൗണ്ടിൽ ഒരു മാസം അക്വാ ടണൽ എക്സപോ നടത്തും. പൊന്നാനി ഡ്രീംസ് എന്റർടെയ്ൻമെന്റിന്റെ സഹകരണത്തോടെ നടത്തുന്ന എക്സ്പോയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് ടി. സിദ്ദിഖ് എംഎൽഎ നിർവഹിക്കും.
വിനോദസഞ്ചാരികളെയും വേനൽ അവധി ആഘോഷിക്കുന്നവരെയും മുന്നിൽക്കണ്ടാണ് എക്സ്പോ സംഘടിപ്പിച്ചതെന്നു സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയി, ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിന്പനയ്ക്കൽ, ഇ. ഹൈദ്രു, ഡ്രീംസ് എന്റർടെയ്ൻമെന്റ് പാർട്ണർ വി. സൈനുദ്ദീൻ, നിസാർ ദിൽവേ, എം.വി. റഫീഖ്, പി.കെ. സാലിഹ് തങ്ങൾ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
500 അടി നീളമുള്ളതാണ് ടണൽ. ഇതിൽ കടൽ മത്സ്യങ്ങൾ, അലങ്കാര മത്സ്യങ്ങൾ, മത്സ്യ കന്യകകൾ എന്നിവ ഉണ്ടാകും. ദിവസവും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 10 വരെയാണ് ടണൽ എക്സപോ കാണുന്നതിന് സൗകര്യം. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. വ്യാപാരോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സമ്മാനക്കൂപ്പണ്‍ ടിക്കറ്റിനൊപ്പം നൽകും.
10 വയസിൽ താഴെയുള്ള കുട്ടികൾക്ക് എക്സ്പോ സൗജന്യമായി കാണുന്നതിന് ടിക്കറ്റുകൾ വിദ്യാലയങ്ങളിൽ ലഭ്യമാക്കും. ടണൽ എക്സ്പോ നഗരിയിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിന്റെ മെഡിക്കൽ എക്സ്പോ, ഗോസ്റ്റ് ഹൗസ്, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, കണ്‍സ്യൂമർ സ്റ്റാളുകൾ എന്നിവ ഉണ്ടാകും.