രണ്ടര പതിറ്റാണ്ടായിട്ടും കുടിവെള്ളപദ്ധതി നോക്കുകുത്തി
1536863
Thursday, March 27, 2025 5:37 AM IST
സുൽത്താൻ ബത്തേരി: കടുത്ത വേനലിൽ കുടിവെളളത്തിനായി നെട്ടോട്ടമോടുന്പോഴും രണ്ടര പതിറ്റാണ്ട് പിന്നിട്ടിട്ടും മൈനർ ഇറിഗേഷൻ സ്ഥാപിച്ച കുടിവെള്ള പദ്ധതി നോക്കുകുത്തി. ബത്തേരി കട്ടയാട് സ്ഥാപിച്ച കിണറും പന്പ്ഹൗസും മാനിക്കുനിയിൽ സ്ഥാപിച്ച ജലസംഭരണിയുമാണ് നോക്കുകുത്തിയായി നിൽക്കുന്നത്.
1997ലാണ് കട്ടയാട് മാനിക്കുനി പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം എത്തിക്കാനായി കിണറും പന്പുഹൗസും ജലസംഭരണിയും സ്ഥാപിച്ചത്. ലക്ഷങ്ങളാണ് പദ്ധതിക്കായി വകുപ്പ് ചെലവഴിച്ചത്. തുടർന്ന് പന്പ്ഹൗസിൽ വലിയ മോട്ടോറും സ്ഥാപിച്ചു.
കട്ടയാട് സ്വകാര്യവ്യക്തി ഇറിഗേഷൻ വകുപ്പിന് വിട്ട് നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് കിണറും പന്പ്ഹൗസും നിർമിച്ചത്. കുടിവെള്ളമെത്തിക്കാൻ മാനിക്കുനിയിലെ മുപ്പതുവീടുകളിൽ അന്ന് പൈപ്പ് കണക്ഷനും നൽകി. എന്നാൽ പദ്ധതി ട്രയൽ റണ്‍പോലും നടത്താതെ നോക്കുകുത്തിയായി മാറുകയായിരുന്നു.
വേനലിൽ കുടിവെള്ളത്തിനായി നാട് പരക്കം പായുന്പോഴാണ് നിറയെ വെള്ളമുള്ള കിണറും ഇത് പന്പ്ചെയ്യാൻ സ്ഥാപിച്ച മോട്ടോറും ജലസംഭരണിയും വകുപ്പിന്റെ പിടിപ്പുകേടുകൊണ്ട് അനാഥമായി കിടക്കുന്നത്. ബന്ധപ്പെട്ട വകുപ്പ് അധികാരികൾ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാൻ തയ്യാറവണമെന്ന ആവശ്യമാണ് ഉയരുന്നത്.