നിക്ഷയ് ശിവിർ ക്ഷയരോഗ നിവാരണം: ജില്ലയ്ക്ക് പുരസ്കാരം
1536862
Thursday, March 27, 2025 5:37 AM IST
കൽപ്പറ്റ: നിക്ഷയ് ശിവിർ ക്ഷയരോഗ നിവാരണ 100ദിന കർമപരിപാടിയിൽ മികവ് കാഴ്ചവച്ച ജില്ലക്ക് സംസ്ഥാന പുരസ്കാരം. തിരുവനന്തപുരത്ത് നടന്ന ലോക ക്ഷയരോഗ ദിനാചരണത്തിൽ ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂടാണ് അവാർഡ് പ്രഖ്യാപിച്ചത്.
100 ദിന കർമപരിപാടിയുടെ ഭാഗമായി 2024 ഡിസംബർ 18 മുതൽ 2025 മാർച്ച് 17 വരെ 2,46,866 പേരെ ജില്ലയിൽ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാക്കി. വിദ്യാലയങ്ങൾ, മോഡൽ റസിഡൻഷൽ സ്കൂളുകൾ, കോളജുകൾ കേന്ദ്രീകരിച്ച് ക്ഷയരോഗ ബോധവത്കരണവും പരിപാടികളും പരിശോധന ക്യാന്പും സംഘടിപ്പിച്ചു.
ഇതരസംസ്ഥാന തൊഴിലാളി ക്യാന്പുകൾ, അഗതി മന്ദിരങ്ങൾ, ഉന്നതികൾ, കുടുംബശ്രീ, സർക്കാർ കാര്യാലയങ്ങൾ, തൊഴിലിടങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ക്ഷയരോഗ അതിജീവിതരുടെ ജില്ലാതല സംഗമം നടത്തി. ഇതെല്ലാം കണക്കിലെടുത്താണ് ജില്ലയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.