ടൗണ്‍ഷിപ്പ്: അതിജീവിതർക്കായി ഒരുക്കുന്നത് മാതൃകാ വീടുകൾ
1536860
Thursday, March 27, 2025 5:37 AM IST
എൽസ്റ്റണിൽ വീടുകൾ നിർമിക്കുന്നത് 1000 ചതുരശ്രയടിയിൽ
കൽപ്പറ്റ: എൽസ്റ്റണിൽ തയാറാക്കുന്ന ടൗണ്‍ഷിപ്പിൽ ഉൾപ്പെടുന്നത് മാതൃക വീടുകളും ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയും. 1000 ചതുരശ്രയടിയിലാണ് വീടുകൾ നിർമിക്കുന്നത്.
ഒറ്റ നിലയിൽ പണിയുന്ന കെട്ടിടം ഭാവിയിൽ ഇരു നില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിംഗ്, സ്റ്റഡി റൂം, ഡൈനിംഗ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയാണ് ടൗണ്‍ഷിപ്പിലെ വീടിന്റെ ഭാഗമായി ഉൾപ്പെടുന്നത്.
ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന, വാക്സിനേഷൻ, ഒബ്സർവേഷൻ മുറികൾ, മൈനർ ഒടി, ഒപി ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങൾ എന്നിവ സജ്ജീകരിക്കും.
ക്ലാസ് മുറി, കളി സ്ഥലം, ഡൈനിംഗ് റൂം, സ്റ്റോർ, അടുക്കള, അങ്കണവാടിക്ക് അകത്തും പുറത്തും കളിസ്ഥലം എന്നിവയാണ് അങ്കണവാടിയിൽ നിർമിക്കുന്നത്. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പണ്‍ മാർക്കറ്റ്, കുട്ടികൾക്ക് കളി സ്ഥലം, പാർക്കിംഗ് എന്നിവ സജ്ജീകരിക്കും. മർട്ടി പർപ്പസ് ഹാൾ, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പണ്‍ എയർ തിയേറ്റർ എന്നിവ കമ്മ്യൂണിറ്റി സെന്ററിൽ നിർമിക്കും.
മുണ്ടക്കൈ, ചൂരൽമല അതിജീവിതർക്കായുള്ള പുനരധിവാസ ടൗണ്‍ഷിപ്പ് തറക്കല്ലിടലിൽ പങ്കെടുക്കാൻ ഗുണഭോക്താക്കൾക്ക് വാഹന സൗകര്യം ഒരുക്കുന്നു.
ദുരന്തത്തെ തുടർന്ന് മുണ്ടക്കൈ, ചൂരൽമല, അട്ടമല ഭാഗങ്ങളിലുള്ളവരെ താമസിപ്പിച്ച സർക്കാർ ക്വാർട്ടേഴ്സുകൾ, വാടക വീടുകളിൽ കഴിയുന്ന ഗുണഭോക്താക്കൾക്കാണ് വാഹന സൗകര്യം ഉറപ്പാക്കുന്നത്.
വൈത്തിരി, മേപ്പാടി, മൂപ്പൈനാട്, കണിയാന്പറ്റ, അന്പലവയൽ, മുട്ടിൽ, മീനങ്ങാടി, തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശത്തും ചൂരൽമല ടൗണ്‍, കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ്, കാരാപ്പുഴ സർക്കാർ ക്വാട്ടേഴ്സിന് സമീപത്തുനിന്നും ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വാഹനങ്ങൾ പുറപ്പെടും.
വാഹന സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻ ഡയറക്ടർ കെ.കെ. വിമൽകുമാർ അറിയിച്ചു.