വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം: ദേശീയ ശിൽപശാല
1536661
Wednesday, March 26, 2025 6:20 AM IST
കൽപ്പറ്റ: 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം ജനസൗഹൃദമായി ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് പി. സുന്ദരയ്യ ട്രസ്റ്റും അഖിലേന്ത്യ കിസാൻസഭയും സംയുക്തമായി "വന്യജീവി ശല്യവും പശ്ചിമഘട്ടത്തിലെ കൃഷിക്കാരും’ എന്ന വിഷയത്തിൽ പുത്തൂർവയലിൽ സംഘടിപ്പിച്ച ദേശീയ ശിൽപശാല ആവശ്യപ്പെട്ടു. മൃഗങ്ങളുടെ ജീവിതരീതിയും പരിസ്ഥിതിയിലുണ്ടായ മാറ്റവും പഠനവിധേയമാക്കുക,
വന്യമൃഗ പ്രതിരോധത്തിന് ശാസ്ത്രീയ രീതികളും പാരന്പര്യ അറിവുകളും ഉപയോഗപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. വന്യജീവി ആക്രമണത്തിന്റെ ആഘാതം, കാർഷികമേഖലയിലെ നാശനഷ്ടം, ആക്രമണം തടയാനുള്ള മാർഗങ്ങൾ, വന്യജീവി അക്രമണം വർധിക്കുന്നതിന്റെ കാരണങ്ങൾ തുടങ്ങിയവ ചർച്ചയായി.
കിസാൻസഭ അഖിലേന്ത്യ സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, നിധീഷ് വില്ലാട്ട്, സി.ജി. പ്രത്യുഷ് എന്നിവർ പ്രസംഗിച്ചു.
"പശ്ചിമഘട്ടത്തിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രം’, "ഭരണകൂടം, നിയമസംവിധാനം, ഫെഡറലിസം’, "ഹിമാലയത്തിലെ വന്യജീവി ശല്യം’ എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ.കെ.എൻ. ഗണേഷ്, അഡ്വ.ജോയ്സ് ജോർജ്, ഭാരത് ഗ്യാൻ വിജ്ഞാൻ സമിതി ജനറൽ സെക്രട്ടറി ഡോ.ഒ.പി ഭുരൈത്ത എന്നിവർ പ്രഭാഷണം നടത്തി. കിസാൻസഭ അഖിലേന്ത്യാ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.
"പരിസ്ഥിതി സംരക്ഷണവും കണ്സർവേഷൻ അഭയാർഥികളും’ എന്ന വിഷയത്തിൽ ഡോ.അഞ്ജു ലിസ് കുര്യൻ, ഡോ.മാനുവൽ തോമസ് എന്നിവരും ന്ധപെരുകുന്ന അധിനിവേശ സസ്യങ്ങളും ക്ഷയിക്കുന്ന ആവാസവ്യവസ്ഥകളും’, "വനംവകുപ്പും അശാസ്ത്രീയ വന സംരക്ഷണ പ്രവർത്തനങ്ങളും’ എന്നീ വിഷയങ്ങളിൽ യഥാക്രമം പി.എ. വിനയൻ, എം. മനോഹരൻ എന്നിവർ പ്രഭാഷണം നടത്തി.
കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി അധ്യക്ഷത വഹിച്ചു. ശിൽപശാല ഇന്ന് സമാപിക്കും.