പ്രിയങ്ക ഗാന്ധി നാളെ മുതൽ 29 വരെ വയനാട് മണ്ഡലത്തിൽ
1536646
Wednesday, March 26, 2025 6:09 AM IST
കൽപ്പറ്റ: പ്രിയങ്ക ഗാന്ധി എംപി നാളെ മുതൽ 29 വരെ വയനാട് മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്നു രാത്രി പടിഞ്ഞാറത്തറ താജ് ഹോട്ടലിൽ തങ്ങുന്ന അവർ നാളെ രാവിലെ 10.30ന് പുൽപ്പള്ളി ശ്രീ സീതാദേവി ലവകുശ ക്ഷേത്രത്തിൽ സന്ദർശനം നടത്തും. 10.50ന് പുൽപ്പള്ളി പഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യും.
12.10ന് ഇരുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഗ്രൗണ്ടിൽ അങ്ങാടിശേരി സ്മാർട്ട് അങ്കണവാടി, അതിരാറ്റുകുന്ന് ലിഫ്റ്റ് ഇറിഗേഷൻ പ്രോജക്ട്, ഇരിത്തിലോട്ടുകുന്ന് തടയണ എന്നിവ ഉദ്ഘാടനം ചെയ്യും. 1.30ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വനിതാ സംഗമവും 2.30ന് മുട്ടിൽ ഡബ്ല്യുഎംഒയിൽ ജില്ലാ പഞ്ചായത്തിന്റെ വണ്‍ സ്കൂൾ വണ്‍ ഗെയിം പദ്ധതിയും ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് കൽപ്പറ്റ എൽസ്റ്റൻ എസ്റ്റേറ്റിൽ ടൗണ്‍ഷിപ്പ് ശിലാസ്ഥാപനച്ചടങ്ങിൽ പങ്കെടുക്കും. 5.15ന് വള്ളിയൂർക്കാവ് ക്ഷേത്രത്തിൽ സന്ദർശനം നടത്തും.
28ന് രാവിലെ 9.30ന് തലപ്പുഴയിൽ തവിഞ്ഞാൽ പഞ്ചായത്തിന്റെ വിവിധ വികസന പദ്ധതികളും 10.45ന് എടവക എള്ളുമന്ദത്ത് വീര ജവാൻ തലപ്പുഴ ജാനേഷ് സ്മൃതിമണ്ഡപവും ഉച്ചയ്ക്ക് ഒന്നിന് വടക്കനാട് 50 ഏക്കർ കാട്ടുനായ്ക്ക ഉന്നതിയിൽ സാംസ്കാരിക കേന്ദ്രവും ഉച്ചകഴിഞ്ഞ് രണ്ടിന് സപ്ത റിസോർട്ടിൽ അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ സംഘടിപ്പിക്കുന്ന ടൂറിസം കണ്‍വൻഷനും ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30ന് മുക്കം മാനശേരി എംഎഎംഒ കോളജ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം നിർവഹിക്കും.
29ന് രാവിലെ 9.30ന് വയനാട് കളക്ടറേറ്റിൽ ’ദിശ’ യോഗത്തിൽ പങ്കെടുക്കും. പുഞ്ചിരിമട്ടം ഉരുൾ ദുരന്തം അതിജീവിച്ച വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് ടി. സിദ്ദിഖ് എംഎൽഎ കെയർ, മലബാർ ഗോൾഡ്, തണൽ എന്നിവ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം 12.15ന് കൽപ്പറ്റയിൽ നിർവഹിക്കും.
ഉച്ചകഴിഞ്ഞ് 3.30ന് വണ്ടൂർ കണ്വൻഷൻ സെന്ററിൽ കൈത്താങ്ങ് പദ്ധതിയിൽ പൂർത്തിയാക്കിയ 29 വീടുകളുടെയും ഭിന്നശേഷിക്കാരായ ഏഴ് പേർക്ക് രാഹുൽ ഗാന്ധി എംപിയുടെ ഫണ്ട് ഉപയോഗിച്ച് അനുവദിച്ച ഏഴ് സ്കൂട്ടറുകളുടെയും താക്കോൽദാനം നിർവഹിക്കും.