ജില്ലാ പഞ്ചായത്തിന് 70.57 കോടി വരവും 70.11 കോടി ചെലവുമുള്ള ബജറ്റ്
1536642
Wednesday, March 26, 2025 6:04 AM IST
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിന് 70.57 കോടി വരവും 70.11 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എസ്. ബിന്ദു അവതരിപ്പിച്ചു. 46.05 ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയത് ഭവനനിർമാണത്തിനാണ് 10.36 കോടി.
വിദ്യാഭ്യാസ മേഖലയ്ക്ക് 5.21 കോടിയും സ്ത്രീകൾക്കായുള്ള വിവിധ പദ്ധതികൾക്ക് 3.33 കോടിയും വകയിരുത്തിയിട്ടുണ്ട്. കുട്ടികൾ, ഭിന്നശേഷിക്കാർ, വൃദ്ധർ, പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവക്കായി 3.33 കോടിയും വകയിരുത്തിയിട്ടുണ്ട്.
കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്കായി 2.5 കോടി, സാമൂഹികക്ഷേമത്തിനായി 2.43 കോടി, കുടിവെള്ള പദ്ധതികൾക്കായി 2.18 കോടി, ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികൾക്കായി 2.18 കോടി, മൃഗസംരക്ഷണം ക്ഷീര വികസനം എന്നിവയ്ക്കായി 2.65 കോടിയും വകയിരുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും ബജറ്റിൽ ഉൗന്നൽനൽകിയിട്ടുണ്ട്.