സർക്കാരുകളുടെ ഉദാരനയങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യം
1536411
Tuesday, March 25, 2025 8:37 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തിൽ ജനങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന ക്വാറി പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരും ജില്ലാഭരണകൂടവും തയാറാകണമെന്ന് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ വിവധ ഭാഗങ്ങളിലുള്ള ക്വാറികൾക്കെതിരെ പ്രദേശവാസികൾ സമർപ്പിച്ച പരാതികൾ പരിശോധിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകൾ, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് കൈമാറിയിട്ടുണ്ട്. പുതിയ ക്വാറികൾ ആരംഭിക്കുന്നതിനായി പലരും നീക്കങ്ങൾ ആരംഭിച്ചതായി പ്രദേശ വാസികൾ പരാതി നൽകിയിട്ടുമുണ്ട്.
കേരള, കേന്ദ്ര സർക്കാരുകളുടെയും വിവിധ വകുപ്പുകളുടേയും, ഉപവകുപ്പുകളുടേയും ആവശ്യമായ സർട്ടിഫിക്കറ്റുകളും, റിപ്പോർട്ടുകളും ലഭിച്ചതിന് ശേഷം ഏറ്റവും അവസാനമായിട്ടാണ് ഗ്രാമ പഞ്ചായത്തിൽ പ്രവർത്തനാനുമതിക്കായി അപേക്ഷ നൽകുന്നത്. വിവിധ വകുപ്പുകളുടെ ആധികാരിക രേഖകൾ നൽകുന്നതിന് മുന്പ് ഗ്രാമപഞ്ചായത്തുകളുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെ അനുമതി പത്രങ്ങൾ നൽകുന്ന സാഹചര്യമാണ് നിലവിൽ സംസ്ഥാനത്തുള്ളത്.
വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയങ്ങളുടെ അടിസ്ഥാനത്തിൽ 2017 ജൂണ് മാസം 22 ന് ഗസറ്റ് വിജ്ഞാപനം ചെയ്ത ഉത്തരവുകളനുസരിച്ച് ലൈസൻസ് നൽകാൻ ഗ്രാമ പഞ്ചായത്തുകൾ നിർബന്ധിതരാവുകയാണ്. കരിങ്കൽ ഖനനവുമായി ബന്ധപ്പെട്ട് ദൂരപരിധി കുറവ് ചെയ്തും മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതുമായ സർക്കാർ നയങ്ങൾ നിലനിൽക്കുന്നിടത്തോളം ഗ്രാമ പഞ്ചായത്തുകൾക്ക് അതനുസരിച്ച് മാത്രമേ പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളു.
ജനവാസ മേഖലയിൽ കരിങ്കൽ ഖനനത്തിന് നിലവിലുള്ള സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അൻപത് മീറ്റർ ദൂരപരിധി എടുത്ത് കളയണമെന്നും ക്വാറി സംരംഭകർക്ക് നൽകിയിരിക്കുന്ന ഉദാരമായ ഇളവുകൾ പിൻവലിക്കണമെന്നും മുള്ളൻകൊല്ലി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. കരിങ്കൽ ഖനനത്തിന് ഉദാരമായ സർക്കാർ നയങ്ങൾ നിലനിൽക്കുന്പോൾ ഇതിന്റെ ഉത്തരവാദിത്തം പഞ്ചായത്ത് ഭരണസമിതിയുടെ തലയിൽ കെട്ടിവയ്ക്കുന്ന സംസ്ഥാന ഭരണകക്ഷിയുടെ അപഹാസ്യമായ നിലപാട് പൊതുസമൂഹം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു.
മോളി സജി, ഷിനു കച്ചിറയിൽ, ജിസ്റ മുനീർ, പി.വി. ഷൈജു, ജോസ് നെല്ലേടം, ഷിജോയ് മാപ്ലശേരി, പി.കെ. ജോസ്, ഇ.കെ. രഘു, ലില്ലി തങ്കച്ചൻ, പുഷ്പവല്ലി നാരായണൻ എന്നിവർ പ്രസംഗിച്ചു.
ജനവാസ മേഖലയിലെ ക്വാറി അടച്ച് പൂട്ടാൻ നടപടി വേണമെന്ന്
പുൽപ്പള്ളി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ പാടിച്ചിറ ഗവ. ആശുപത്രിയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയുടെ പ്രവർത്തനം പ്രദേശവാസികൾക്ക് ഭീഷണിയായിരിക്കുകയാണെന്ന് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു.
നിയമങ്ങൾ കാറ്റിൽ പറത്തി നിയന്ത്രണമില്ലാതെ ഒരേ സമയം ഇരുപതും മുപ്പതും ലോഡ് കരിങ്കല്ല് കിട്ടത്തക്ക വിധത്തിൽ അത്യുഗ്ര സ്ഫോടനത്തോടെയാണ് പാറ പൊട്ടിക്കുന്നത്. ഇവിടെ നിന്ന് തെറിച്ച് വീഴുന്ന കരിങ്കല്ലിന്റെ വലിയ കഷണങ്ങൾ പ്രദേശത്തെ വീടുകളുടെ മുറ്റത്തും കൃഷിയിടങ്ങളിലും പതിച്ച് വലിയ അപകടങ്ങൾ ഉണ്ടാക്കുന്നുതിനാൽ ധൈര്യമായി വീടിന്റെ മുറ്റത്ത് പോലും നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. ക്വാറി ഉടമകളുടെ ഇത്തരം നടപടിയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ക്വാറി ഉപരോധിക്കുകയും പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ചെയ്തു.
പോലീസ് ക്വാറി പരിശോധിക്കുകയും ലൈസൻസില്ലാത്ത ആളാണ് കരിങ്കൽ പൊട്ടിച്ചതെന്ന് കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയതിന് ശേഷമേ പ്രവർത്തനം ക്വാറി തുടങ്ങുകയുള്ളുവെന്ന് ഉടമകൾ പറഞ്ഞിരുന്നെങ്കിലും പ്രവർത്തനം തുടരുകയാണ്. ജനവാസ മേഖലയിലെ ഈ ക്വാറി അടച്ച് പൂട്ടാൻ നടപടി വേണമെന്നും ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു.