ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതിയിലെ നേട്ടങ്ങൾക്ക് പിന്നിൽ പ്രാദേശിക സർക്കാരുകളുടെ കഠിനപ്രയത്നം: പ്രിയങ്ക ഗാന്ധി എംപി
1537333
Friday, March 28, 2025 5:53 AM IST
ഇരുളം: ആസ്പിരേഷണൽ ജില്ലാ പദ്ധതിയിൽ 19 കോടി രൂപയുടെ അവാർഡ് വയനാടിന് ലഭിക്കാനിടയാക്കിയത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ കഠിനപ്രയത്നമാണെന്ന് പ്രിയങ്ക ഗാന്ധി എംപി.
സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഗ്രൗണ്ടിൽ അങ്ങാടിശേരി സ്മാർട്ട് അങ്കണവാടി, അതിരാറ്റുകുന്ന് ജലസേചന പദ്ധതി, ഇരുത്തിലോട്ടുകുന്ന് തടയണ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അവർ. മഴ കൃത്യമായി ലഭിക്കാത്തതും വന്യജീവി ശല്യവും കാലാവസ്ഥാവ്യതിയാനവും ഉൾപ്പെടെ പ്രതിസന്ധികൾ മൂലം ജില്ലയിൽ കൃഷി ചെയ്യുന്ന പ്രദേശം കുറഞ്ഞുവരികയാണ്.
കാർഷികമേഖലയിൽ പ്രതിസന്ധി മറികടക്കാൻ നല്ല രീതിയിലുള്ള ജലസേചന പദ്ധതികൾ ആവശ്യമാണെന്നു പ്രിയങ്ക പറഞ്ഞു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ്, എം.എസ്. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.