കർഷകവിരുദ്ധ നിലപാടുകൾക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധം 19ന്
1513787
Thursday, February 13, 2025 7:51 AM IST
കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സമരപരിപാടികൾ 19ന് തുടക്കം കുറിക്കാൻ ഡിസിസി നേതൃയോഗം തീരുമാനിച്ചു. ജില്ലയിൽ വർധിച്ചുവരുന്ന വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണാൻ തയാറാകാത്ത സർക്കാർ നിലപാട് ഏറെ പ്രതിഷേധാർഹമാണ്. ദിവസേന നിരവധി ജീവനുകൾ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പൊലിഞ്ഞിട്ടും സർക്കാർ സംവിധാനങ്ങൾ നിഷ്ക്രിയയുമായി നോക്കി നിൽക്കുകയാണ്.
ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള യാതൊരുവിധ ശാശ്വത മാർഗങ്ങളും സർക്കാരിന്റെ കൈവശമില്ല. ജില്ലയുടെ ചുമതല ഉണ്ടായിട്ടുകൂടി വനംമന്ത്രി ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല. ഇത്തരത്തിൽ ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു മന്ത്രി ആവശ്യമുണ്ടോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കണം. 10 ലക്ഷം എന്ന തുച്ഛമായ തുകയും നൽകാമെന്ന് വാഗ്ദാനം മാത്രം നൽകുന്ന ജോലിയും മനുഷ്യ ജീവന് തുല്യമാവില്ലെന്ന ബോധ്യം സർക്കാരിന് ഉണ്ടാകണം.
കഴിഞ്ഞ ബജറ്റ് കർഷകന് ഉണ്ടാക്കിയിട്ടുള്ള അധിക ബാധ്യത വളരെ വലുതാണ്. കർഷകരിൽ നിന്നും സർക്കാരിലേക്ക് പണം എത്തുന്ന സ്രോതസുകളെല്ലാം വലിയ വർധനയാണ് വരുത്തിയത്. എന്നാൽ, കർഷകന് വരുമാനം വർധിപ്പിക്കാൻ ഉതകുന്ന ഒരു നിർദേശവും ബജറ്റിൽ ഇല്ല. കാർഷിക ഉത്പന്നങ്ങളുടെ വിലസ്ഥിരത ഉറപ്പുവരുത്താനും അർഹമായ താങ്ങ്വില വർധിപ്പിക്കാനും സർക്കാർ തയാറായിട്ടില്ല. പല ഉത്പന്നങ്ങൾക്കും മാർക്കറ്റ് വിലയേക്കാൾ താഴ്ന്ന തുകയാണ് ഇപ്പോഴും താങ്ങുവിലയായി പ്രഖ്യാപിച്ചിട്ടുള്ളത്. കാർഷിക മേഖലയുടെ വൈവിധ്യവത്കരണത്തിനും മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമ്മാണം, വിപണനം തുടങ്ങിയ മേഖലകൾക്കോ യാതൊരു പ്രോത്സാഹനവും ബജറ്റിൽ ഇല്ല.
കൃഷിയിടത്തിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തടയുന്നതിന് യാതൊരുവിധ പരിഗണനയും ഈ സർക്കാർ നൽകിയിട്ടില്ല. ആനയും പന്നിയും കുരങ്ങും മയിലുമെല്ലാം കർഷകന്റെ വിളവ് നശിപ്പിക്കുകയാണ്. കാർഷിക മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഇത്തരം പ്രവണതകൾക്കെതിരേ ശക്തമായ സമരപരിപാടികൾക്ക് കോണ്‍ഗ്രസ് നേതൃത്വം നൽകും. ഇതിന്റെ ഭാഗമായാണ് 19ന് ജില്ലയിലെ വില്ലേജ് ഓഫീസുകൾക്ക് മുൻപിൽ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണസമരം നടത്തുന്നത്.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. പി.കെ. ജയലക്ഷമി, കെ.എൽ. പൗലോസ്, പി.പി. ആലി, പി.ടി. ഗോപാലക്കുറുപ്പ്, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, സംഷാദ് മരക്കാർ, എം.ജി. ബിജു, ശ്രീകാന്ത് പട്ടയൻ, പി.ഡി. സജി, ബിനു തോമസ്, രാജേഷ് കുമാർ, എൻ.ബി. നജീബ്, ജി. വിജയമ്മ, പി.കെ. അബ്ദുറഹ്മാൻ, ശോഭന കുമാരി, ബീന ജോസ്, ചിന്നമ്മ ജോസ്, മോയിൻകടവൻ, പോൾസണ്‍ കൂവക്കൽ, ബി. സുരേഷ് ബാബു, ജിൻസണ് തൂപ്പുങ്കര എന്നിവർ പ്രസംഗിച്ചു.