ഉരുൾ ദുരന്തബാധിതർക്ക് ദിനബത്ത: ടി. സിദ്ദിഖ് എംഎൽഎ നിവേദനം നൽകി
1513783
Thursday, February 13, 2025 7:51 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിത കുടുംബാംങ്ങൾക്കുള്ള 300 രൂപ ദിനബത്ത തുടരുന്നതിന് മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും ടി. സിദ്ദിഖ് എംഎൽഎ നിവേദനം നൽകി. ഉരുൾ ദുരന്തത്തെ അതിജീവിച്ചവർ ഉപജീവനത്തിന് ഇപ്പോഴും കഷ്ടപ്പെടുകയാണ്. അതിജീവിതരിൽ ഭൂരിപക്ഷവും തോട്ടം തൊഴിലാളികളും ചെറുകിട കച്ചവടക്കാരും കർഷകരും കൂലിപ്പണിക്കാരുമാണ്. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ 18 വയസ് തികഞ്ഞ രണ്ടു പേർക്ക് ദിവസം 300 രൂപ നിരക്കിൽ 30 ദിവസത്തേക്ക് 18,000 രൂപ സർക്കാർ ബത്ത നൽകിയിരുന്നു.
കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരുന്ന ദിനബത്ത നിർത്തലാക്കിയിരിക്കയാണ്. കുടുംബങ്ങൾക്ക് ജീവനോപാധി കണ്ടെത്തുന്നതിന് സഹായം ലഭ്യമാക്കാതെയാണ് ദിനബത്ത നിർത്തലാക്കിയത്. ഇത് പല കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിൽ ദിനബത്ത പുനഃസ്ഥാപിക്കുകയും ഓരോ കുടുംബത്തിനും ജീവനോപാധി കണ്ടെത്താൻ പ്രത്യേക സഹായം അനുവദിക്കുകയും ചെയ്യണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.