സൈബർ കുറ്റകൃത്യങ്ങൾക്കെതിരേ ഉദ്യോഗസ്ഥർക്ക് ബോധവത്കരണം
1513780
Thursday, February 13, 2025 7:51 AM IST
കൽപ്പറ്റ: ഇന്റർനെറ്റ് സുരക്ഷാ ദിനചാരണത്തോടനുബന്ധിച്ച് ജില്ലാഭരണകൂടം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, സൈബർ പോലീസ്, കെഎസ്ഐടിഎം, ഐടി സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കളക്ടറേറ്റിലെ ഉദ്യോഗസ്ഥർക്ക് സൈബർ കുറ്റകൃത്യങ്ങൾക്കെതിരേ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഇ ഓഫീസ് മുഖേന രേഖകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രതയോടെയും ശ്രദ്ധയോടെയും ഡിജിറ്റൽ മേഖല ഉപയോഗിക്കണമെന്ന് ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് അസിസ്റ്റന്റ് കളക്ടർ എസ്.ഗൗതംരാജ് പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ 2024 വർഷത്തിൽ മാത്രം സംസ്ഥാനത്ത് 41,425 കേസുകൾ രജിസ്റ്റർ ചെയ്യുകയും 768 കോടി രൂപ നഷ്ടപ്പെട്ടതായും സൈബർ പോലീസ് സബ് ഇൻസ്പെക്ടർ എ.വി. ജലീൽ അറിയിച്ചു. നെറ്റ് ബാങ്കിംഗ് കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് നിരവധിപേർ ആത്മഹത്യ ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ടെന്നും വൈഫൈ പോലുള്ള ഫ്രീ ഇന്റർനെറ്റ് സേവനങ്ങൾ, ബസ്-റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമായിട്ടുള്ള ചാർജിംഗ് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്പോൾ ജാഗ്രതയുണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി.
പണം നഷ്ടമായവർ ആദ്യ ഒരു മണിക്കൂറിനകം 1930 എന്ന സൈബർ ക്രൈം എമർജൻസി നന്പറിൽ ബന്ധപ്പെടണമെന്നും തുക കൈമാറിയവരുടെയും പണം നഷ്ടപ്പെട്ടവരുടെ ബാങ്ക് വിവരങ്ങൾ, പണം കൈമാറിയ വിവരങ്ങൾ എന്നിവ അടിയന്തരമായി സൈബർ പോലീസിന് കൈമാറിയാൽ തുക തടഞ്ഞുവയ്ക്കാൻ സാധിക്കും.
കോളജ് വിദ്യാർഥികളുടെ പേരിൽ ബാങ്ക് അക്കൗണ്ട്, സിം കാർഡ് എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന പ്രവണത കൂടുതലാണ്. ഓണ്‍ലൈൻ തട്ടിപ്പുകളിൽ അകപ്പെടാതെ ഉപയോക്താക്കൾ ജാഗ്രത പാലിക്കകണമെന്നും സൈബർ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിൽ നാഷണൽ ഇൻഫർമാറ്റിക്സ് ഓഫീസർ ജസീം ഹാഫിസ്, എച്ച്എസ് വി.കെ. ഷാജി, കളക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.