ക്വാറിക്കെതിരേ പ്രതിഷേധിച്ച പള്ളി വികാരിയെ ലോറി ഇടിച്ച് അപായപ്പെടുത്താൻ ശ്രമം
1513052
Tuesday, February 11, 2025 5:20 AM IST
പുൽപ്പള്ളി: ക്വാറിക്കെതിരേ പ്രതിഷേധിച്ച പള്ളി വികാരിയെ ലോറി ഇടിച്ച് അപായപ്പെടുത്താൻ ശ്രമം. മരക്കടവ് അറുപതുകവല സെന്റ് ജൂഡ്സ് ദേവാലയത്തിലെ വികാരി ഫാ. ബിബിൻ കുന്നേലിനേയും പ്രദേശവാസിയായ പിണ്ടിക്കാനായിൽ ഷൈജുവിനേയുമാണ് ലോറികയറ്റി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരും പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇന്നലെ രാവിലെയാണ് സംഭവങ്ങൾക്ക് തുടക്കം. രാവിലെ ക്വാറിയിലേക്കെത്തിയ ലോറികൾ നാട്ടുകാർ ചേർന്ന് തടഞ്ഞിരുന്നു. അറുപതുകവല വഴി ക്വാറിയിലേക്ക് ലോറികൾ ഓടിക്കരുതെന്നും റോഡിലെ പൊടിശല്യം പരിഹരിക്കണമെന്നും പഞ്ചായത്ത് അധികൃതർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ജനപ്രതിനിധികളും ചേർന്ന് നടത്തിയ ചർച്ചയിൽ ഇന്ന് രാവിലെ പോലീസ് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി പരിഹരിക്കാമെന്ന് ധാരണയിലെത്തിയതോടെയാണ് നാട്ടുകാർ തടഞ്ഞിട്ട ലോറികൾ വിട്ടയച്ചത്. വലിയ ലോറികൾ തീരദേശറോഡ് വഴി കടത്തിവിടാമെന്നും അറുപതുകവല വഴി നാല് ടിപ്പർ ലോറികൾ മാത്രമേ ഓടിക്കുകയുള്ളുവെന്നും റോഡ് നനച്ച് പൊടിശല്യം പരിഹരിക്കാമെന്നും ചർച്ചയിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ റോഡ് നനയ്ക്കുന്നതിന് മുന്പേ ധാരണ ലംഘിച്ച് വലിയ ലോറി എത്തിയപ്പോൾ സെന്റ് ജൂഡ്സ് ദേവാലയത്തിന് സമീപത്തെ റോഡിൽ ഫാ. ബിബിൻ കുന്നേലിന്റെ നേതൃത്വത്തിൽ തടഞ്ഞതോടെയാണ് വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമം നടന്നത്.
ലോറിയുടെ മുന്നിൽ നിൽക്കുകയായിരുന്ന ഫാ. ബിബിൻ കുന്നേൽ, ഷൈജു പിണ്ടിക്കാനായിൽ എന്നിവരെയുമായി അഞ്ച് മീറ്ററോളം വാഹനം മൂന്നോട്ടുപോയി. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് ലോറി നിർത്തിയത്. പള്ളിവികാരിയെ വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചതറിഞ്ഞെത്തിയ നാട്ടുകാർ വലിയ പ്രതിഷേധമുയർത്തിയതോടെ സംഘർഷാവസ്ഥയും ഉടലെടുത്തു.
ലോറി റോഡരികിലേക്ക് നിർത്തിയിടാൻ ആവശ്യപ്പെടുന്നതിനിടെ ഡ്രൈവർ വാഹനവുമായി കടന്നുകളയുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി പ്രദേശത്ത് തർക്കംനിലനിൽക്കുന്നുണ്ട്.
മുള്ളൻകൊല്ലിയിലെ ക്വാറി പ്രശ്നം: സർവകക്ഷി യോഗം വിളിക്കണമെന്ന്
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ക്വാറികളുടെ പ്രവർത്തനവും ക്വാറികളിലേക്കുള്ള വാഹനങ്ങളുടെ ഇടതടവില്ലാത്തവിധത്തിലുള്ള സഞ്ചാരവും ജനജീവിതം ദുസഹമാക്കുന്ന സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തരമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം വിളിക്കാൻ തയാറാകണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ക്വാറി പ്രവർത്തനങ്ങൾക്ക് ദൂരപരിധി സർക്കാർ കുറയ്ക്കുകയും അനിയന്ത്രിതമായ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തത്തോടെ യാതൊരു നിയന്ത്രണവും സമയനിഷ്ഠയും ഇല്ലാതെയാണ് മിക്ക ക്വാറികളും പ്രവർത്തിക്കുന്നത്.
പാരിസ്ഥിതികമായി ഏറെ വെല്ലുവിളികൾ നേരിടുന്ന പഞ്ചായത്തിൽ ക്വാറികളുടെ പ്രവർത്തനം മൂലം രൂക്ഷമായ പൊടിശല്യവും റോഡുകൾ അപ്പാടെ തകരാനും കാരണമായിട്ടുണ്ട്. ഗ്രാമീണ റോഡുകൾക്ക് താങ്ങാനാവുന്നതിനും അപ്പുറമുള്ള ഭാരവാഹനങ്ങളാണ് നിർബാധം ഓടുന്നത്. ജനങ്ങൾക്ക് ദുരിതമാകാത്ത തരത്തിൽ ക്വാറി പ്രവർത്തിക്കുന്നതിന് ആരും എതിരല്ല. പക്ഷേ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആകുന്ന തരത്തിലാണ് മിക്ക ക്വാറികളുടെയും പ്രവർത്തനവും ടിപ്പറുകളുടെ കൂട്ടപാച്ചിലും.
ജനങ്ങൾ അനുഭവിക്കുന്ന ആരോഗ്യ, കുടിവെള്ള, പാരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി അടിയന്തരമായി സർവകക്ഷിയോഗം വിളിക്കണമെന്ന് ബിജെപി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. രാജൻ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു.