ഇയുഡിആർ നടപ്പാക്കുന്നതിനു മുന്‍പ് വിശദമായ ചർച്ചകൾ നടത്തണം: കെ.ജെ. ദേവസ്യ
1513785
Thursday, February 13, 2025 7:51 AM IST
കൽപ്പറ്റ: യൂറോപ്യൻ യൂണിയൻ ഡിഫോറസ്റ്റേഷൻ റഗുലേഷൻ (ഇഡിയുആർ)ഇന്ത്യയിൽ നടപ്പാക്കുന്നതിനു മുന്‍പ് വിശദമായ ചർച്ചകൾ നടത്തണമെന്ന് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ ആവശ്യപ്പെട്ടു. കാപ്പിക്കർഷകർക്കുമേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ ചെറുക്കേണ്ടിവരും. പല നിയമങ്ങളിലും നയങ്ങളിലും കർഷകദ്രോഹപരമായ കാണാച്ചരടുകളുണ്ട്. ടിപി 3 ഉണ്ടായിരുന്ന കാലം കർഷകരുടെ മനസിലുണ്ട്. അത് ഇല്ലാതാക്കാൻ നിരന്തര പോരാട്ടം വേണ്ടിവന്നു.
ഗാട്ട് കരാർ, ആഗോളവത്കരണം തുടങ്ങിയവ വികസിത രാജ്യങ്ങൾക്ക് ഗുണവും വികസ്വര, അവികസിത രാജ്യങ്ങൾക്ക് ദോഷവുമാണ് ഉണ്ടാക്കിയത്. വനവത്കരണം, വന്യജീവി സംരക്ഷണം, ഓക്സിജൻ ലഭ്യമാക്കൽ, കാലാവസ്ഥാവ്യതിയാനം തുടങ്ങിയവയുടെ പേരിൽ വികസിതതവും വ്യാവസായിക സന്പത്തുമുള്ള രാജ്യങ്ങൾ കാർബണ്‍ ഫണ്ടും ഇതര വിഭാഗ തുകകളും ചെലവഴിച്ചത് അവികസിത രാജ്യങ്ങൾക്ക് ഗുണകരമായില്ല. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ കാർബണ്‍ ഫണ്ട് ലഭിച്ചവർ തയാറാക്കിയ റിപ്പോർട്ടുകൾ വനവത്കരണം ത്വരിതപ്പെടുത്തുന്നതിന് ഉതകുന്ന വിധത്തിലായിരുന്നു.
ബഫർസോൺ, ഇഎസ്എ, ഇഎഫ്എൽ തുടങ്ങിയവ കർഷകരും ആദിവാസികളും ഉൾപ്പെടുന്ന സാധാരണ ജന വിഭാഗങ്ങളെവട്ടം കറക്കുന്നതായി. കുത്തകകളെ സംരക്ഷിക്കുകയും സാധാരണ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുകയും ചെയ്യുന്ന ആഗോളകരാറുകളെക്കുറിച്ച് പലവട്ടം ചിന്തിക്കേണ്ടതുണ്ട്. ആസിയാൻ കരാർ, ശ്രീലങ്ക മുഖേനയുള്ള കുരുമുളക് ഇറക്കുമതി തുടങ്ങി നിരവധി കരാറുകൾ ജനങ്ങൾക്ക് ദോഷകരമായി. ഇന്ത്യൻ കർഷകർ എന്തെല്ലാം ചെയ്യണമെന്നത് 27 അംഗ രാജ്യങ്ങളുള്ള യൂറോപ്യൻ യൂണിയൻ മാത്രമായി തീരുമാനിക്കേണ്ടതല്ല. ഇന്ത്യയ്ക്കു സ്വീകാര്യമായ നയങ്ങളും തീരുമാനങ്ങളും ഇന്ത്യയും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുമാണ് നിശ്ചയിക്കേണ്ടത്.
കാപ്പി വിൽക്കുന്പോൾ 2020 ഡിസംബർ 31ന് ശേഷമാണ് കർഷകൻ തോട്ടത്തിൽ കാപ്പി കൃഷി ചെയ്തതെന്നു വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം ആവശ്യമില്ലാത്തതാണ്. ഇന്ത്യയിലെ ദേശീയ ശരാശരി വനവും സംസ്ഥാനങ്ങളിലെ വനവും കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. 2020ന് മുന്‍പ് വനമായിരുന്ന ഏതെങ്കിലും ഭൂമിയിൽ കാപ്പി കൃഷി ചെയ്തിട്ടുണ്ടെങ്കിൽ അവിടെ ഉത്പാദിപ്പിക്കുന്ന കാപ്പിക്ക് എന്താണ് പോരായ്മയെന്ന് ഇയുഡിആർ-ൽ വ്യക്തമല്ല. കാപ്പി ഉത്പാദകരുടെമേൽ നയം അടിച്ചേൽപ്പിച്ച് വനവത്കരണത്തിനു ചരടുവലിക്കുന്നതിനെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ജനം തിരിച്ചറിയണമെന്നും ദേവസ്യ ആവശ്യപ്പെട്ടു.