എ.എൻ. പ്രഭാകരന്റെ പരാമർശം ആദിവാസി സമൂഹത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന്
1513268
Wednesday, February 12, 2025 5:10 AM IST
കൽപ്പറ്റ: പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് അവിശ്വാസം പ്രമേയം കൊണ്ടുവന്ന് മുസ്ലിം പ്രസിഡന്റിനെ പുറത്താക്കി ആദിവാസി വനിതയെ പ്രസിഡന്റാക്കിയ മുസ്ലിംലീഗ് ചരിത്രപരമായ തെറ്റാണ് ചെയ്തെന്ന മുതിർന്ന സിപിഎം നേതാവും ജില്ലാ കമ്മിറ്റിയംഗവുമായ എ.എൻ. പ്രഭാകരന്റെ പരാമർശം ആദിവാസി സമൂഹത്തെ ഒന്നടങ്കം അവഹേളിക്കുന്നതിന് തുല്യമാണെന്ന് മുസ്ലിംലീഗ് ചൂണ്ടിക്കാട്ടി.
ആദിവാസി ജനവിഭാഗത്തോട് എക്കാലവും സിപിഎം വച്ചുപുലർത്തുന്ന തന്പ്രാൻ മനോഭാവമാണ് ഈ പരാമർശത്തിലൂടെ പുറത്തു വന്നത്. തൊട്ടുകൂടായ്മയുടെയും തീണ്ടികൂടായ്മയുടെയും പഴയ അയ്ത്ത കാലഘട്ടമാണ് സിപിഎം തിരിച്ചു കൊണ്ടുവരാൻ ആഗ്രഹിക്കുന്നതെങ്കിൽ ആദിവാസികളേയും പിന്നാക്ക വിഭാഗങ്ങളേയും മുഖ്യധാരയിലേക്ക് ഉയർത്തുന്ന നിലപാടാണ് മുസ്ലിംലീഗ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്.
മുസ്ലിംലീഗും യുഡിഎഫും പനമരം പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസം കൊണ്ടുവന്ന് എൽഡിഎഫ് പ്രസിഡന്റിനെ പുറത്താക്കിയത് തികച്ചും രാഷ്ട്രീയമാണ്. അതിനെ സാമുദായിക നിറം നൽകി മുസ്ലിം സമുദായത്തിന്റെ പ്രീതി പിടിച്ചു പാറ്റാനാണെങ്കിൽ സിപിഎമ്മിന് തെറ്റുപറ്റി. സംവരണമല്ലാതിരുന്നിട്ടും ജില്ലാ പഞ്ചായത്ത് പദവിയിൽ എം. ദേവകിയെ നിയോഗിച്ച മുസ്ലിംലീഗ് പനമരത്ത് ലക്ഷ്മി ആലക്കലിനെ പ്രസിഡന്റാക്കുക വഴി ചരിത്രം ആവർത്തിക്കുകയാണ് ചെയ്തത്.
ജനറൽ സീറ്റിൽ ഒരു ആദിവാസിയെ പ്രസിഡന്റാക്കിയ ചരിത്രം സിപിഎമ്മിന് ജില്ലയിൽ അവകാശപ്പെടാനാകില്ല. എ.എൻ. പ്രഭാകരൻ നടത്തിയ പരാമർശം പിൻവലിച്ച് ആദിവാസി സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്ന് മുസ്ലിംലീഗ് പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു.